തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

‘എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉത്തരവാദിത്തരഹിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ഉപവാസം നടത്തേണ്ടത് സ്വന്തം മനസാക്ഷിയ്‌ക്കെതിരെയാണ്. നിരോധിച്ച എന്‍ഡോസള്‍ഫാന്‍ മറ്റുപേരുകളില്‍ സംസ്ഥാനത്ത് വിപണനം ചെയ്യുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ‘- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Subscribe Us:

എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ പ്രധാനമന്ത്രിക്ക് തുറന്ന മനസാണുള്ളത്. നാളത്തെ സത്യാഗ്രഹത്തിന് കളമൊരുക്കാനായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന സര്‍വകക്ഷിസംഘം വളച്ചൊടിച്ചത്. പ്രധാനമന്ത്രിക്കെതിരേ ആക്ഷേപം ഉന്നയിക്കാനും ഉപവാസത്തിന് സാഹചര്യമൊരുക്കാനുമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷനെതിരേ മുഖ്യമന്ത്രി എന്താണ് ചെയ്തത്. കേന്ദ്രത്തെ പഴിചാരി സംസ്ഥാനം ഒഴിവാകുകയല്ല വേണ്ടത് ഇരകള്‍ക്ക് മാനുഷീക പരിഗണന വച്ച് ആവശ്യമായ സഹായം നല്‍കുകയാണ് ചെയ്യേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.