തിരുവനന്തപുരം:വില്‍പനാവകാശത്തോടുകൂടിയ സ്വതന്ത്ര ഭൂമി നല്‍കാതെ സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ഥ്യാക്കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്റെ പിന്നിലുള്ള ഞെട്ടിക്കുന്ന രഹസ്യ ഇടപാടു പുറത്തായെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. വ്യവസായികേതര ആവശ്യത്തിനു 49.2 ഏക്കര്‍ ഭൂമി കൂടുതല്‍ വിട്ടുകൊടുത്താണു സ്മാര്‍ട്ട് സിറ്റി യാഥാഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ഇടുതു സര്‍ക്കാര്‍ രൂപീകരിച്ച സെസ് പ്രകാരം 70% ഭൂമി വ്യാവസായികാവശ്യത്തിനും 30% ഭൂമി വ്യാവസായികേതര ആവശ്യത്തിനുമാണ്. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സ്മാര്‍ട്ട് സിറ്റിക്ക് 50% ഭൂമി വ്യാവസായികേതര ആവശ്യത്തിന് നല്‍കുകയായിരുന്നു. ഇതോടെ സ്മാര്‍ട്ട് സിറ്റിക്ക് 49.2 ഏക്കര്‍ ഭൂമി വ്യവസായികേതര ആവശ്യത്തിന് ലഭിച്ചു. 29 ഏക്കര്‍ സ്വതന്ത്രാവകാശ ഭൂമിയെന്ന അവകാശവാദം ടീകോം ഉപേക്ഷിച്ചത് 49.2 ഏക്കര്‍ പരോക്ഷമായി ലഭിച്ചപ്പോഴാണ്.

സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ വഞ്ചിച്ച ഇടപാടാണിതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വതന്ത്രാവകാശ ഭൂമിയെ ചൊല്ലിയാണു നാലേമുക്കാല്‍ വര്‍ഷം സ്മാര്‍ട് സിറ്റി കരാര്‍ വൈകിയത്. ഇടതു സര്‍ക്കാര്‍ ആദ്യം ഉണ്ടാക്കിയ സ്മാര്‍ട് സിറ്റി കരാറില്‍ മുഴുവന്‍ ഭൂമിക്കും സെസ് പദവി ഇല്ലായിരുന്നു. പകരം 85% പാട്ടം, 12% സ്വതന്ത്രാവകാശം എന്നായിരുന്നു. വില്‍പനാവകാശത്തോടുകൂടി ഭൂമി നല്‍കാനുള്ള നീക്കം വിവാദമായപ്പോഴാണു മുഴുവന്‍ ഭൂമിയും സെസില്‍ ഉള്‍പ്പെടുത്തിയത്. അതിലും ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

സെസിനെ പൂര്‍ണമായി എതിര്‍ക്കുന്ന സമീപനമാണു സിപിഎം ആദ്യം സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സെസ് നിയമം മറ്റു സംസ്ഥാനങ്ങള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ കേരളം പുറംതിരിഞ്ഞുനിന്നു. തുടര്‍ന്നാണു 2008ല്‍ ഇടതുസര്‍ക്കാര്‍ 11 വ്യവസ്ഥകളുള്ള സെസ് നയം രൂപീകരിച്ചത്. സ്മാര്‍ട് സിറ്റിക്ക് ഇതു ബാധകമാണെന്നു സെസ് നയത്തില്‍ പ്രത്യേകം പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.