തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അംഗം കെ.ടി തോമസ് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജസ്റ്റിസ് കെ.ടി തോമസ് തന്റെ വിയോജനക്കുറിപ്പില്‍ കേരളത്തിന്റെ നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുക്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ്. അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യം പ്രതിപാദിക്കുന്ന ഒരു ഭാഗത്ത് മാത്രം അദ്ദേഹം വേണ്ടരീതിയില്‍ പറഞ്ഞിട്ടില്ല. ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധൂകരിക്കാന്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ള ആറ് കാരണങ്ങള്‍ മുഴുവന്‍ സംസ്ഥാനത്തിന്റെ വാദങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസ്ഥകളോടെ ആണെങ്കിലും പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമാണെന്ന് കാബിനറ്റ് വിലയിരുത്തി. വിഷയത്തില്‍ അന്തിമ തിരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയല്ല, സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ പ്രതിനിധിയാണ്. പക്ഷേ സംസ്ഥാനത്തിന്റെ അഭിഭാഷകനായി നില്‍ക്കണമെന്ന് പറയാനാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനവിഭവ മന്ത്രി പി.ജെ ജോസഫ് ആത്മാര്‍ത്ഥമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആശങ്കയും ആത്മാര്‍ത്ഥതയും മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഉന്നതാധികാര സമിതിയില്‍ കേരളത്തിന്റെ അംഗം എന്ന നിലയില്‍ ജസ്റ്റിസ് തോമസിന്റെ പ്രവര്‍ത്തനം പരാജയമായിരുന്നെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞിരുന്നു.