എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തില്‍ കേരളത്തിലെ സംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തത് അത്ഭുതം: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Wednesday 16th May 2012 4:49pm

തിരുവനന്തപുരം: ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചുകൊച്ചു കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇത്തരം അവസ്ഥകളില്‍ പ്രതികരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും മൃഗീയമായി ആളുകളെ കൊല്ലുന്ന രീതി കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വന്തം മുന്നണിയിലെ ഘടകക്ഷികളേയും പാര്‍ട്ടികളേയും ബോധ്യപ്പെടുത്താന്‍  ചന്ദ്രശേഖരന്‍ വിഷയത്തില്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞില്ല.  ജനങ്ങളില്‍ നിന്നും ഇത്രയധികം ഒറ്റപ്പെട്ട കാലഘട്ടം സി.പി.ഐ.എമ്മിനുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിലായതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ഒഞ്ചിയത്തിന്റെ ചരിത്രം കേരളത്തിനറിയാം. കാസര്‍കോട് ജബ്ബാര്‍, കണ്ണൂരിലെ അഫ്‌സല്‍, ഷുക്കൂര്‍ വധക്കേസുകളില്‍ ആരാണ് ആരോപണവിധേയരായതെന്നും അദ്ദേഹം ചോദിച്ചു.

യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചരണം നെയ്യാറ്റിന്‍കരയിലും വിജയിക്കില്ല. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും പിറവത്തെ കൂട്ടായ്മ നെയ്യാറ്റിന്‍കരയിലും കാണാമെന്നും അദ്ദേഹം പറഞ്ഞു.

Advertisement