Categories

ഗവര്‍ണറോട് അനാദരവ് കാട്ടിയത് പ്രതിപക്ഷം: മുഖ്യമന്ത്രി

തൃശൂര്‍: അന്തരിച്ച ഗവര്‍ണറോട് അനാദരവ് കാട്ടിയത് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗവര്‍ണറെ അവഹേളിച്ചതിന് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറോട് അനാദരവ് കാട്ടിയ സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളോട് മാപ്പുപറയണമെന്ന് വി.എസ് തൃശൂരില്‍ പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്താണ് മുഖ്യമന്ത്രിയുടെ ആരോപണം. ഗവര്‍ണറുടെ സംസ്‌കാര ചടങ്ങില്‍ പ്രതിപക്ഷത്തുനിന്നും ആരും പങ്കെടുത്തിരുന്നില്ല. ഈ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം ആരോപണങ്ങളുമായി വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഗവര്‍ണറോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ദു:ഖാചരണം ഫെബ്രുവരി ഒന്നിന് അവസാനിച്ചതിനാലാണ് ഇന്നലെ ആഘോഷപൂര്‍വ്വം ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഔദ്യോഗിക പരിപാടി ആഘോഷപൂര്‍വ്വം നടത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഏറ്റവും നീചമായിപ്പോയിയെന്നുമായിരുന്നു വി.എസിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം പ്രഖ്യാപനമാണ് ലംഘിച്ചിരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ, ഗവര്‍ണറെ സര്‍ക്കാര്‍ അവഹേളിച്ചിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫും ആവര്‍ത്തിച്ചു. വിഷയദാരിദ്ര്യമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.

ഗവര്‍ണറുടെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ദു:ഖാചരണം തീരുന്നതിന് മുന്‍പ് ആഘോഷപൂര്‍വം പൊതുപരിപാടി സംഘടിപ്പിച്ചെന്നാണ് ആരോപണം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നലെ സംഘടിപ്പിച്ച സ്വയം സംരഭക മിഷന്റെ ഉദ്ഘാടനച്ചടങ്ങാണ് വിവാദമായത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.