വടകര: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരളയാത്ര സംഘര്‍ഷത്തെ തുടര്‍ന്ന് മുരാട് പാലത്തിന്ന് സമീപം ഒരു മണിക്കൂര്‍ തടസ്സപ്പെട്ടു. ഐസ് ക്രീം പാര്‍ലര്‍ കേസില്‍ ആരോപണ വിധേയനായ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ കോലം സി.പി.ഐ.എം പ്രവര്‍ത്തകര്‍ മുരാട് പാലത്തിന് സമീപം സ്ഥാപിച്ചിരുന്നു. കേരളയാത്രയുടെ വേദിക്കരികിലെ കോലം എടുത്ത് മാറ്റാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

11 മണിയോടെ കോലം എടുത്ത് മാറ്റാന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും തടയാന്‍ സി.പി.ഐ.എമ്മുകാരും സംഘടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ഇരുവിഭാഗത്തേയും പിരിച്ച് വിടാന്‍ പോലീസ് ശ്രമമാരംഭിച്ചതോടെ കോലം എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.

ഈ സമയത്ത് വടകരയില്‍ നിന്ന് മുരാട്ടേക്ക് വരികയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വാഹന വ്യൂഹം പാലത്തിനപ്പുറത്ത് കുടുങ്ങി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും മറ്റ് യു.ഡി.എഫ് നേതാക്കന്‍മാരും ഉന്നത പോലീസുദ്യോഗസ്ഥമാരോട് കോലം മാറ്റാന്‍ ആവശ്യപ്പെട്ടു. പോലീസ് നിര്‍ദ്ദേശത്തിന് വഴങ്ങി സി.പി.ഐ.എം പ്രവര്‍ത്തകരെത്തി കോലം എടുത്ത് മാറ്റാന്‍ തയ്യാറയതോടെ സംഘര്‍ഷമൊഴിവാകുകയായിരുന്നു.