തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിലെ അപാകതകളാണു പകര്‍ച്ചവ്യാധി വ്യാപനത്തിനു കാരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാലിന്യ സംസ്‌കരണത്തിനായി ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്തു പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്‌കരണത്തിനായി കുടുംബശ്രീ യൂണിറ്റുകളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കും. അടിയന്തിരമായും സമയോചിതമയും മാലിന്യ സംസ്‌ക്കരണം ഉറപ്പ് വരുത്തും. ഐ.എം.എയുടെ സഹകരണവും തേടും. സംസഥാനത്ത ്പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രണവിധേയമാക്കാന്‍ ഡോക്ടര്‍മാരുടെ അഭാവവും വിലങ്ങ് തടിയാകുന്നുണ്ട്.

ഇത് പരിഹരിക്കാനായി കരാറനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാരെ നിയമിക്കും. പ്ലാസ്റ്റിക് നിരോധനത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന്തിനായി ഹെല്‍ത്ത് സെക്രട്ടറി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തത്. ഞായറാഴ്ച വൈകീട്ട് എഴുമണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ്് മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു