തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞു. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പകരം ചുമതല. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് ഒഴിയാന്‍ തീരുമാനമായത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം ആഭ്യന്തരം,പൊതുഭരണം എന്നിവ ഒഴിയുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ഉമ്മന്‍ചാണ്ടി വിജിലന്‍സ് ഒഴിയാന്‍ ഇന്നലെ തന്നെ മുന്നണിയിലും പാര്‍ട്ടിയിലും തീരുമാനമായിരുന്നു. രാത്രിയോടെയാണ് ചുമതല തിരുവഞ്ചൂരിന് നല്‍കാന്‍ തീരുമാനമായത്.

രാവിലെ മന്ത്രിമാരുടെ ഉന്നതതല യോഗത്തിനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വകുപ്പ് ഒഴിയുന്ന കാര്യം വ്യക്തമാക്കിയത്. വിജിലന്‍സ് വകുപ്പ് ഒഴിയുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിജിലന്‍സ് ഒഴിഞ്ഞുവെന്നും പകരം ചുമതല തിരുവഞ്ചൂരിന് നല്‍കിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയായിരുന്നു.

അതേസമയം കോടതിവിധിയെ അംഗീകരിക്കുക്കന്നതായി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ‘നീതിപീഠത്തോട് ബഹുമാനമുണ്ട്. എല്ലാ ജഡ്ജിമാരും ഉന്നത നിലവാരം പുലര്‍ത്തുന്നവരാണെന്നാണ് എന്റെ അഭിപ്രായം. എനിക്കനുകൂലമായ വിധിയുണ്ടാകുമ്പോള്‍ നല്ലവരെന്നും എതിരെ വിധിയുണ്ടാവുമ്പോള്‍ മോശം ആണെന്നും ഞാന്‍ ഒരിക്കലും പറയാറില്ല’- മുഖ്യമന്ത്രി വ്യക്തമാക്കി.