എഡിറ്റര്‍
എഡിറ്റര്‍
കവികള്‍ ഫാസിസത്തെ പ്രകീര്‍ത്തിക്കുമ്പോള്‍
എഡിറ്റര്‍
Sunday 27th May 2012 7:08pm

 

കവികള്‍ ഫാസിസത്തെ പ്രകീര്‍ത്തിക്കുമ്പോള്‍

ഉമേഷ്ബാബു കെസി

2007 ഏപ്പില്‍മാസത്തില്‍ ജനശക്തിയില്‍ അച്ചടിച്ചുവന്ന ഭയങ്ങള്‍ എന്ന കവിതയുടെ പേരില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും അതിന്റെ എല്ലാ കമ്മിറ്റികളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടയാളാണ് ഞാന്‍. കവിത ഒരാളെ ഒരു സാംസ്‌കാരിക സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കുറ്റമാണെന്ന് 2007ല്‍ തന്നെ സി.പി.ഐ.എം അങ്ങനെ തെളിയിചിട്ടുണ്ട്. അന്ന് ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായും പിന്തുണച്ച് നടന്നയാളുകളാണ് പ്രഭാവര്‍മ്മയും അശോകന്‍ ചെരുവിലും എം.എ ബേബിയും അതുപോലുള്ളവരും. പ്രഭാവര്‍മ്മയുടെ കവിതയുടെ പ്രകാശനം തടഞ്ഞ നടപടിയില്‍ പ്രതിഷേധിക്കാനുള്ള ധാര്‍മ്മികമോ രാഷ്ട്രീയമോ സദാചാരപരമോ ആയ ഒരര്‍ഹതയും പുരോഗമന കലാസാഹിത്യ സംഘത്തിനോ അതിലണിനിരന്ന സാംസ്‌കാരിക നായകര്‍ക്കോ എം.എ ബേബിയെപ്പോലുള്ള സി.പി.ഐ.എം നേതാക്കള്‍ക്കോ ഇല്ല.

സാഹിത്യകാരന്മാരുടെ ഫാസിസ്റ്റ് ആഭിമുഖ്യത്തെക്കുറിച്ച് ചരിത്രത്തില്‍ വലിയ ഉദാഹരണങ്ങളുണ്ട്. ലോകത്ത് ഫാസിസമുണ്ടായ കാലം മുതല്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പരസ്യമായി അനുകൂലിച്ചുകൊണ്ട് പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് സാഹിത്യകാരന്മാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ ഇംഗ്ലീഷ് കവിയായ എസ്ര പൗണ്ടിന്റെ നിലപാടാണ് ഇതിനൊരു ഉദാഹരണം. എസ്ര പൗണ്ട് യൂറോപ്യന്‍ ഫാസിസത്തിന്റെ പരസ്യമായ സ്തുതി പാടകനായിരുന്നു. ഒരു പക്ഷേ പ്രഭാവര്‍മ്മ ഇന്ന് ചെയ്യുന്നതുപോലെ ഫാസിസ്റ്റ് നീക്കങ്ങളുടെ പരസ്യമായ സ്തുതിപാടകനായിരുന്നു എസ്ര പൗണ്ട്. എസ്ര പൗണ്ട് കവിയാണെന്നെല്ലാവര്‍ക്കുമറിയാം. പക്ഷെ എസ്ര പൗണ്ടെന്ന കവിയെ പരാമര്‍ശിക്കുന്ന യൂറോപ്യന്‍ സാഹിത്യ ലോകം അന്ന് മുതല്‍ ഇന്നുവരെ എസ്രപൗണ്ട് രാഷ്ട്രീയത്തില്‍ ഫാസിസ്റ്റായിരുന്നിട്ടുണ്ട് എന്ന കാര്യം ഇതോട് കൂട്ടിച്ചേര്‍ത്ത് പറയാറുണ്ട്. അതുകൊണ്ട് പ്രഭാവര്‍മ്മ മലയാള കവിയാണെങ്കിലും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയ ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ച് ടി.പി ചന്ദ്രശേഖരന്‍ വധത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്ന ഒരെഴുത്തുകാരനാണ്. ഒരു ദിവസത്തെയല്ല, പലദിവസങ്ങളിലെ ലേഖനങ്ങളിലൂടെ താനൊരു ഫാസിസ്റ്റ് ആഭിമുഖ്യമുള്ള എഴുത്തുകാരനാണെന്ന് തെളിയിച്ച ആളാണ് പ്രഭാവര്‍മ്മ. പ്രഭാവര്‍മ്മ ഇന്ന് പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് സ്വന്തമായി രാഷ്ട്രീയ നിലപാടുണ്ട് എന്നാണ്. ആധുനിക രാഷ്ട്രീയ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ നോക്കിയാല്‍ അദ്ദേഹത്തിന്റെ നിലപാട് ഫാസിസ്റ്റ് രാഷ്ട്രീയ നിലപാടാണ്. ഫാസിസ്റ്റ് രാഷ്ട്രീയ നിലപാടുള്ള ഒരു കവിയെ അയാള്‍ ഫാസിസ്റ്റ് രാഷ്ട്രീയ നിലപാടുള്ളയാളാണെന്ന് പറയാനുള്ള അവകാശം ഏത് പത്രാധിപര്‍ക്കും, രാഷ്ട്രീയക്കാരനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഉണ്ട്.

ഫാസിസ്റ്റായ ഒരാളുടെ കവിതയാണ് തന്റെ പ്രസിദ്ധീകരണത്തിലൂടെ അച്ചടിക്കുന്നത് എ്ന്ന് മനസിലായ പത്രാധിപര്‍ക്ക് ഇത്തരം ഒരാളുടെ കവിത പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള എല്ലാവിധ അവകാശവും അധികാരവുമുണ്ട്. ഏത് പത്രാധിപര്‍ക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുണ്ടാവും. പ്രത്യേകിച്ച് 1945നുശേഷം ലോകത്തുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഫാസിസ്റ്റ് രാഷ്ട്രീയ നിലപാടിനെ ഒറ്റക്കെട്ടായി എതിര്‍ത്തിട്ടുണ്ട്. ജനാധിപത്യ വാദികള്‍ മാത്രമല്ല എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ജീവവായുപോലെ കൊണ്ടുനടക്കുന്ന ഒരാദര്‍ശമാണ്. അതുകൊണ്ടായിരിക്കണം ജയചന്ദ്രന്‍നായര്‍ രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രഭാവര്‍മ്മയുടെ കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഫാസിസ്റ്റ് വിരുദ്ധ നിലപാട് ഒരു ജീവവായുപോലെ കൊണ്ടുനടക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ വളരെ ആവേശകരവും മാതൃകാപരവുമായിട്ടുള്ള പ്രവര്‍ത്തനമാണ്.

രാഷ്ട്രീയ കൊലപാതകം ന്യായീകരിച്ച ഒരാളുടെ ഇടപെടലനോടുള്ള പ്രതികരണമാണിത്; ബി.ആര്‍.പി ഭാസ്‌കരന്‍

കവികള്‍ ഫാസിസത്തെ പ്രകീര്‍ത്തിക്കുമ്പോള്‍; ഉമേഷ്ബാബു കെസി

മലയാളം വാരികയുടെത് മാധ്യമഭീകരത; കെ.ഇ.എന്‍

എഴുത്തുകാരന്‍ ഇരകളുടെ ഭാഗത്തായിരിക്കണം;പി. ഗീത, പി.വി ഷാജികുമാര്‍, എന്‍. പ്രഭാകരന്‍

ജയചന്ദ്രന്‍ നായര്‍ ഒരു മൂന്നാംകിട പത്രപ്രവര്‍ത്തകന്‍;ഭാസുരേന്ദ്രബാബു

മനുഷ്യഹത്യയ്‌ക്കെതിരെ നിലപാടെടുക്കുകയെന്നത് ഒരെഴുത്തുകാരന്റെ കര്‍ത്തവ്യമാണ്;സന്തോഷ് എച്ചിക്കാനം


Advertisement