എഡിറ്റര്‍
എഡിറ്റര്‍
ഒരു തുണ്ട് ഭൂമി പോലും റഷ്യയ്ക്ക് വിട്ട് കൊടുക്കില്ല: ഉക്രൈന്‍ പ്രധാനമന്ത്രി
എഡിറ്റര്‍
Monday 10th March 2014 6:12am

ukrain-pm

കീവ്: രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമിപോലും റഷ്യയ്ക്ക് വിട്ട് കൊടുക്കില്ലെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സെനി യാത്‌സെനൂയിക്.

ഉക്രൈന്‍ പ്രദേശമായ ക്രിമിയ, റഷ്യയോട് ചേരുന്ന കാര്യത്തില്‍ ഹിതപരിശോധന 16ന് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇത് ഉക്രൈന്‍ ജനതയുടെ ഭൂമിയാണ്. ഞങ്ങളുടെ പൂര്‍വികര്‍ രക്തം നല്‍കിയ ഭൂമി. ഇതില്‍ നിന്ന് ഒരു തുണ്ട് ഭൂമി ആരും പ്രതീക്ഷിക്കേണ്ട.

റഷ്യയും പ്രസിഡന്റ് വഌഡിമര്‍ പുടിനും ഇക്കാര്യം മനസ്സിലാക്കുന്നത് നന്നാകും- യാത്‌സെനൂയിക് പറഞ്ഞു.

റഷ്യന്‍ ഫെഡറേഷനോട് ചേരുന്ന കാര്യത്തില്‍ ക്രിമിയന്‍ ഭരണകൂടം അനുകൂല തീരുമാനമെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. സംഘര്‍ഷം തുടരുന്ന ഈ മേഖലയില്‍ റഷ്യന്‍ സേന ഇപ്പോഴും തമ്പടിക്കുന്നുണ്ട്.

കവിയും ഉക്രൈന്‍ ഭാഷയുടെ പിതാവുമായ താരസ് ഷെവ്‌ചെങ്കോയുടെ 200ാമത് ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ക്രിമിയയില്‍ നടന്ന റാലിക്കിടെ ഉക്രൈന്‍ റഷ്യന്‍ അനുകൂലികള്‍ തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.

റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ റഷ്യന്‍ അനുകൂലികള്‍ അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ റഷ്യന്‍ അനുകൂലികളുടെ റാലിയും നടന്നു.

ഇതിനിടെ ക്രിമിയ ഏറ്റെടുക്കാനുള്ള റഷ്യന്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. ക്രിമിയ ഉള്‍പ്പടെയുള്ള ഉക്രൈന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ റഷ്യ ശ്രമിക്കുകയാണെങ്കില്‍ നയതന്ത്ര ബന്ധം അവസാനിക്കലാകും പരിണിതഫലമെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

Advertisement