ലണ്ടന്‍: തീവ്രവാദ ഉള്ളടക്കങ്ങള്‍ തടയാനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് യു.കെ. ജിഹാദി ഉള്ളടക്കങ്ങള്‍ കൃത്യമായി തിരിച്ചറിയാനും പ്രചരിക്കപ്പെടുന്നതില്‍ നിന്ന് തടയാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് യു.കെ സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഈ സാങ്കേതിക വിദ്യ നിയമപ്രകാരം എല്ലാ കമ്പനികളും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം നല്‍കില്ലെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

പ്രധാനമായും ഇസ്‌ലാമിക് സ്റ്റേറ്റ് പുറത്തിറക്കുന്ന വീഡിയോകളെയാണ് ഈ അല്‍ഗരിതം ഉപയോഗിച്ച് തിരിച്ചറിയാന്‍ കഴിയുക. ഐ.എസ്സിന്റെ വീഡിയോകളില്‍ 94 ശതമാനത്തോളം തിരിച്ചറിയാന്‍ കഴിയുമെന്നാണ് യു.കെയുടെ അവകാശവാദം.


Also Read: ‘വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കണം, ജനനേന്ദ്രിയമില്ലെങ്കില്‍ അവര്‍ ഉപയോഗശൂന്യര്‍’; സൈന്യത്തിന് വിവാദ ഉത്തരവ് നല്‍കി ഫിലിപ്പീന്‍സ് പ്രസിഡന്റ്


എ.എസ്.ഐ ഡാറ്റ സയന്‍സിലുള്ള ഗവേഷകര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ആറുലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 53,557,800 രൂപ) ഇതിന്റെ ചെലവ്. ടെക് കമ്പനികളുമായി പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും തീവ്രവാദം തടയാനുള്ള മറ്റ് സാധ്യതകള്‍ തേടാനുമായി ആഭ്യന്തര സെക്രട്ടറി അംബെര്‍ റുഡ് അമേരിക്കയിലേക്ക് തിരിക്കും.

പുതിയ അല്‍ഗരിതം പരീക്ഷിക്കാനായി ഉപയോഗിച്ചത് ഇസ്‌ലാമിക് സ്‌റ്റേറ്റ് മുന്‍പ് പുറത്തുവിട്ട ആയിരക്കണക്കിന് മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ്. സോഫ്റ്റ്‌വെയര്‍ തിരിച്ചറിയുന്ന വീഡിയോകളില്‍ ഐ.എസിന്റേതു പോലുള്ള വീഡിയോകള്‍ ഉണ്ടെങ്കില്‍ തീരുമാനമെടുക്കാനായി അത് വിദഗ്ധര്‍ക്ക് കൈമാറും. പുതിയ അല്‍ഗരിതം ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയുള്ള തീവ്രവാദ ആശയപ്രചരണം തടയാന്‍ കഴിയുമെന്നാണ് യു.കെ സര്‍ക്കാര്‍ കരുതുന്നത്.