ലണ്ടന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിനിരയായ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ്‌സായിയെ നൊബേല്‍ നോമിനിയായി നിര്‍ദേശിക്കാന്‍ ബ്രിട്ടനില്‍ ആവശ്യം. മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണമെന്നാണ് ബ്രിട്ടീഷ് ജനതയുടെ ആവശ്യം.

താലിബാന്‍ ആക്രമണത്തില്‍ കഴുത്തിനും തലയ്ക്കും പരിക്കേറ്റ മലാല ഇപ്പോള്‍ ബ്രിട്ടനില്‍ വിദഗ്ധ ചികിത്സയിലാണ്.

Ads By Google

മലാലയ്‌ക്കെതിരെയുള്ള അക്രമം ലോകത്തെമ്പാടും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. താലിബാന്‍ ഭരണത്തിന്റെ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തി സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച മലാല ഇന്ന് ലോകത്തെ ശക്തമായ വ്യക്തിത്വങ്ങളില്‍ ഒന്നാണ്.

മലാലയെ നൊബേല്‍ നോമിനിയായി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബ്രിട്ടീഷ്-പാക് വനിതകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നിവേദനം നല്‍കും. ഈ ആവശ്യം ഉന്നയിച്ച് ക്യാമ്പെയ്‌നും സംഘടിപ്പിക്കുന്നുണ്ട്.

‘ മലാല വെറും ഒരു പതിനഞ്ച്കാരി പെണ്‍കുട്ടിയല്ല, അവള്‍ സംസാരിച്ചത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്.’ ക്യാമ്പെയ്ന്‍ നേതാവ് ഷാഹിദ ചൗദരി പറയുന്നു. ഏതാണ്ട് 30,000 ഓളം പേരാണ് മലാലയക്ക് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെടുന്ന കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ഫ്രാന്‍സ്, കാനഡ, സ്‌പെയ്ന്‍ എന്നിവിടങ്ങളിലും ഇതേ ആവശ്യമുന്നയിച്ച് സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. നൊബേല്‍ കമ്മിറ്റിയുടെ നിയമമനുസിരിച്ച്, അതത് രാജ്യങ്ങളിലെ അതത് രാജ്യങ്ങളിലെ സര്‍ക്കാരാണ് നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം നല്‍കേണ്ടത്.