പിന്‍വാതിലിലൂടെ യു.ഐ ഡി (ആധാര്‍) നടപ്പാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ‘സമ്പൂര്‍ണ്ണ’ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ആണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. 18.08.2011 ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒക്ടോബര്‍ 31 ന് മുന്‍പ് മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ‘സമ്പൂര്‍ണ്ണ’യില്‍ ചേര്‍ക്കണം. ഈ വിവരങ്ങള്‍ ചേര്‍ക്കുന്നത് യു.ഐ.ഡി കാര്‍ഡിന് വേണ്ടിയാണെന്ന സൂചനയും സര്‍ക്കുലറില്‍ ഉണ്ട്. ഇതിനകം തന്നേ വിവാദമായ യു.ഐ.ഡി കാര്‍ഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളില്‍ നിന്നും അവരുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും യു.ഐ.ഡി നടപ്പാക്കുന്നത് നിയമവിധേയമായി അല്ലെന്നും ഇത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ച് ‘സേ നോ റ്റു യു.ഐ.ഡി’ ക്യാംപെയ്‌നു വേണ്ടി അനിവര്‍ അരവിന്ദും കൂട്ടരും നല്‍കിയ പരാതിയിന്മേല്‍ ആണ് കമ്മീഷന്‍ കേസെടുത്തത്. പതിനഞ്ചു ദിവസത്തിനകം ഇത് സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രെട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

‘ആധാര്‍ പദ്ധതി വഴി ശേഖരിക്കുന്ന വിവരത്തിന്റെ സുരക്ഷ സംബന്ധിച്ച് നിയമപരമായ തീരുമാനം സര്‍ക്കാരോ പാര്‍ലമെന്റോ നാളിതുവരെ എടുത്തിട്ടില്ല. വ്യക്തികള്‍ക്ക് ആധാറിനു വിവരങ്ങള്‍ നല്‍കാനോ നല്കാതിരിക്കാനോ അവകാശമുണ്ട്. എന്നാല്‍ ഈ സര്‍ക്കുലര്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഇത് പിന്‍വാതിലിലൂടെ അടിച്ചേല്‍പ്പിക്കുകയാണ് കേരള സര്‍ക്കാര്‍. കുട്ടികളുടെ വിവരങ്ങള്‍ കൂടാതെ രക്ഷിതാക്കളുടെ യു.ഐ.ഡി വിവരങ്ങളും ‘സമ്പൂര്‍ണ്ണ’ വഴി സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. ഇത് വിദ്യാര്തികളുടെ എല്ലാ ഭാവി രേഖകള്‍ക്കും ഉപയോഗിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ കൌമാര കാലത്തെ കുറ്റകൃത്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പോലും പ്രായപൂര്‍ത്തിയായാല്‍ നശിപ്പിച്ചു കളയണമെന്ന് നിയമം അനുശാസിക്കുമ്പോള്‍ ആണ് സര്‍ക്കാര്‍ ഈ നയം നടപ്പാക്കുന്നത്. ഇനി കുട്ടികളുടെ അവകാശലംഘനം ആണ്.’ അനിവര്‍ അരവിന്ദും കൂട്ടരും നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe Us:

വിവരശേഖരണത്തിന് അധ്യാപകര്‍ക്ക് യു.ഐ.ഡി നിരക്കില്‍ പ്രത്യേകം കൂലി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ആധാര്‍ സംബന്ധിച്ച സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റി വി.എസ് അച്ചുതാനന്ദന്‍ അടക്കം നേരിട്ട് രംഗത്ത് വന്നിട്ടും ഇടതു അധ്യാപക സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം

ആധാര്‍ ആര്‍ക്കുവേണ്ടി ?