പാരിസ്: ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമിഫൈനലിനിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ബാര്‍സലോണയും റയല്‍ മാഡ്രിഡും സമര്‍പ്പിച്ച പരാതികള്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടന യുവേഫാ തള്ളി. ഏറെ വാഗ്വാദങ്ങള്‍ നടന്ന കളിയില്‍ 2-0ന് ബാര്‍സലോണ വിജയിച്ചിരുന്നു.

റഫറി ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നതായിരുന്നു റയല്‍ മാഡ്രിഡന്റെ പ്രധാന പരാതി. ഡിഫന്‍ഡര്‍ പെപ്പെയെ ചുവപ്പുകാര്‍ഡു കാട്ടി പുറത്താക്കിയതിനെയും ടീം സമര്‍പ്പിച്ച പരാതിയില്‍ ചോദ്യംചെയ്തിരുന്നു. എന്നാല്‍ കളിക്കുശേഷം റയല്‍ കോച്ച് മൗറീന്യോ നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു ബാര്‍സലോണ പരാതിപ്പെട്ടത്. രണ്ടു പരാതികളുമാണ് യുവേഫ തള്ളിയത്.

പെപ്പെയെ പുറത്താക്കിയതിനെ ചോദ്യംചെയ്ത മൗറീന്യോയെ റഫറി സ്റ്റാന്‍ഡിലേക്ക് മാറ്റിയിരുന്നു. കളിക്കിടയിലും ഇരുടീമുകളിലേയും താരങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. മുന്നേറ്റതാരം ലേണല്‍ മെസ്സി നേടിയ രണ്ടുഗോളിനായിരുന്നു ബാര്‍സ കളിയില്‍ ജയംനേടിയത്.