എഡിറ്റര്‍
എഡിറ്റര്‍
ഒത്തുകളി: മാള്‍ട്ട ഫുട്‌ബോള്‍ താരം സമറ്റിന് പത്ത് വര്‍ഷത്തെ വിലക്ക്‌
എഡിറ്റര്‍
Tuesday 21st August 2012 10:07am

വലെറ്റ: മാള്‍ട്ട ഫുട്‌ബോള്‍ താരം കെവിന്‍ സമറ്റിന് സസ്‌പെന്‍ഷന്‍. ഒത്തുകളി വിവാദത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യൂറോപ്യന്‍ സോക്കര്‍ ഭരണ സമിതി യുവേഫയാണ് സമറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. യൂറോ 2008 യോഗ്യതാ റൗണ്ടില്‍ നോര്‍വേ – മാള്‍ട്ട മത്സരത്തിനിടെയാണ് ഒത്തുകളി നടന്നത്.

Ads By Google

ഒത്തുകളി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്ത് വര്‍ഷത്തേക്കാണ് സമറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്.  മത്സരത്തില്‍ മാള്‍ട്ടയെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക് നോര്‍വേ പരാജയപ്പെടുത്തിയിരുന്നു.

അവസാന 18 മിനിറ്റിലാണ് മൂന്ന് ഗോളുകള്‍ നോര്‍വേ നേടിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സമറ്റ് നോര്‍വേയ്ക്ക് ഗോളിന് വഴിയൊരുക്കിയെന്നായിരുന്നു ആരോപണം. ഒത്തുകളി വിവാദത്തില്‍ മാള്‍ട്ടയുടെ മൂന്നു താരങ്ങളാണ് ആരോപണവിധേയരായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമറ്റ് ഒത്തുകളിച്ചെന്ന് സമിതി കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ പത്ത് വര്‍ഷത്തേക്ക് ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മറ്റു രണ്ട് പേര്‍ക്കെതിരെ തെളിവില്ലാത്ത സാഹചര്യത്തില്‍ നടപടിയില്ലെന്ന് യുവേഫ സമിതി അറിയിച്ചു. അതേസമയം, യുവേഫയുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സമറ്റ് വ്യക്തമാക്കി.

‘ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. സംശയത്തിന്റെ നിഴലിലായ എന്നെ തെളിവില്ലാതെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ടീമിന് വേണ്ടി ഇനിയും കളിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാനാണ് തീരുമാനം’- സമറ്റ് പറഞ്ഞു.

Advertisement