ഇടുക്കി: ഉടുമ്പന്‍ചോലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചങ്ങനാശേരി സ്വദേശിയായ ജോസി സെബാസ്റ്റ്യനെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റമെന്നാണ് സൂചന. ജോസിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പത്ത് മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഇന്നലെ രാജിവെച്ചിരുന്നു.

ജോസിക്ക് ഇബ്രാഹീം കുട്ടി കല്ലാറാണ് പകരം സ്ഥാനാര്‍ഥിയാകുകയെന്നാണ് വിവരം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് ജോസി സെബാസ്റ്റ്യന് സീറ്റ് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് ജോസി നിഷേധിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം താന്‍ പത്രിക സമര്‍പ്പിക്കുമെന്നും ജോസി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ അസ്വസ്ഥത പുകയുകയാണ്. പട്ടികയില്‍ തങ്ങള്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് മുസ്‌ലിം സമുദായത്തില്‍ പ്രതിഷേധമുണ്ട്. ടി.സിദ്ദീഖ്, എം.എം ഹസ്സന്‍ എന്നിവരെ മാറ്റി നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. ഇതെ തുടര്‍ന്നാണ് ഇ്ബ്രാഹിം കുട്ടി കല്ലാറിനെ പരിഗണിക്കുന്നതെന്ന സൂചനയുമുണ്ട്.