ഇടുക്കി: ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് 10 മണ്ഡലം പ്രസിഡന്റുമാരും 2 ബ്ലോക്ക് പ്രസിഡന്റുമാരും രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസി സെബാസ്റ്റിയനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്.

അതിനിടെ ബ്ലോക്ക് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ജോസി സെബാസ്റ്റിയനെ ഹൈക്കമാന്‍ഡ് കെട്ടിയിറക്കിയതാണെന്നും സ്ഥാനാര്‍ത്ഥി ഓഫീസില്‍ കയറാതിരിക്കാനാണ് ബ്ലോക്ക് ഓഫീസ് അടച്ചുപൂട്ടിയതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞു.

ജോസി സെബാസ്റ്റിയനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. ജോസി സെബാസ്റ്റിയനെ ഉടുമ്പന്‍ചോലയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോയി തോമസിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചേക്കുമെന്നായിരുന്നു അവസാനം വരെയുള്ള സൂചന. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ താല്‍പ്പര്യപ്രകാരം ജോസി സെബാസ്റ്റിയന് നറുക്കു വീഴുകയായിരുന്നു.