ഉദുമ: ഉദുമയിലും പരിസരങ്ങളിലും ലീഗ് സി പി ഐ എം സംഘര്‍ഷം. വെളളിയാഴ്ച രാത്രി നടന്ന അക്രമ സംഭവങ്ങളില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും സി പി ഐ എം നേതാവിന്റെ ഹോട്ടലടക്കം മൂന്ന് സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ലീഗ് പ്രവര്‍ത്തകരായ ഉദുമ മുക്കുന്നോത്തെ ദേളി അബ്ദുല്ലയുടെ മകന്‍ ഖാലിദ്, ഇസ്മായീലിന്റെ മകന്‍ അഷ്‌റഫ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നാലാംവാതുക്കലിലെ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേററത്.

സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്റെ ഉടമസ്ഥതയിലുളള നാലാംവാതുക്കലിലെ സീറോക്ക് റസ്‌റ്റോറന്റും ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വിനോദ് കുമാറിന്റെ ഉദുമ ടൗണിലുളള കിരണ്‍ കൂള്‍ പാലസും ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

Subscribe Us:

ഉദുമ സുലൈമാന്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ജിംനേഷ്യം ഒരു സംഘം സ പി ഐ എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജിംനേഷ്യത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേററു. ഇവിടെ നിന്നും 7600 രൂപ മോഷണം പോയതായും പരാതിയുണ്ട്. അക്രമത്തില്‍ പരിക്കേററവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി എട്ട് മണിയോടെ ജോലി കഴിഞ്ഞ് വരികയായിരുന്ന ഖാലിദിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും സംഘടിച്ച് അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഉദുമയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.