udf തിരുവനന്തപുരം: അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനൊടുവില്‍ കേവല ഭൂരിപക്ഷം നേടി യു.ഡി.എഫ് ഭരണത്തിന് സാധ്യത തെളിയുന്നു. 140 മണ്ഡലങ്ങളില്‍ യു.ഡി.എഫ് 72 സീറ്റുകളിലും എല്‍.ഡി.എഫ് 68 സീറ്റുകളിലുമാണ് ജയിച്ചത്. മുഖ്യമന്ത്രി സ്ഥാനം നാളെ രാജിവെക്കുമെന്ന് വി.എസ് അച്ച്യുതാനന്ദന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അപ്രതീക്ഷിതമായ ചില രാഷ്ട്രീയനീക്കങ്ങള്‍ നടന്നാലൊഴികെ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശനിയാഴ്ചയ്ക്കുശേഷം ഏത് ദിവസത്തിലും പുതിയ മന്ത്രിസഭയ്ക്ക് അധികാരമേല്‍ക്കാം.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകള്‍ എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മലപ്പുറം, എറണാകുളം, കോട്ടയം, വയനാട് ജില്ലകള്‍ യു.ഡി.എഫിനെ തുണച്ചു. പാലക്കാട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഇരുമുന്നണികളെയും സഹായിച്ചു.

മലപ്പുറത്ത് മുസ്‌ലിം ലീഗിന്റെ വന്‍ മുന്നേറ്റമാണുണ്ടായത്. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു. രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലായിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണനും തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി ജലീലുമാണ് ജയിച്ചത്.

മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അതേസമയം ഗൗരിയമ്മയും എം.വി രാഘവനും തോല്‍വിയറിഞ്ഞു. മന്ത്രിമാരായ പ്രേമചന്ദ്രനും, കടന്നപ്പള്ളിയും സുരേന്ദ്രന്‍പിള്ളയും തോറ്റു. ആര്‍.ബാലകൃഷ്ണപിള്ളയുടെ മണ്ഡലത്തില്‍ ആയിഷാപോറ്റി വീണ്ടും ജയിച്ചു.

ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പലരും സാധ്യത പറഞ്ഞിരുന്നെങ്കിലും അങ്ങിനെ സംഭവിച്ചില്ല. തിരുവനന്തപുരം നേമത്തും കാസര്‍ക്കോഡും വോട്ടെണ്ണി പകുതി കഴിഞ്ഞിട്ടും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കായിരുന്നു ലീഡ് ഇത് നേതാക്കളില്‍ പ്രതീക്ഷ പടര്‍ത്തിയെങ്കിലും അന്തിമ ഫലം വന്നപ്പോള്‍ സ്ഥിതി മറിച്ചായിരുന്നു.