Categories

യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പിറവത്ത് പ്രതിഫലിക്കും: ബാലകൃഷ്ണപ്പിള്ള

കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യു.ഡി.എഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും പിറവത്ത് യു.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.

യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടു മാസത്തെ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ജനങ്ങള്‍ തൃപ്തരാണ്. ഈ സര്‍ക്കാരിന്റെ ഭരണം തുടര്‍ന്നുവേണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ആഗ്രഹത്തിന്റെ പ്രതിബിംബമായി പിറവത്തെ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ അഞ്ച് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ നിരവധി കാര്യങ്ങളുണ്ടായിരുന്നു. അതില്‍ പകുതിയിലധികവും നൂറ് ദിനത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരാണിതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു. ഉറക്കം പോലും നഷ്ടപ്പെടുത്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി ഇന്ത്യയിലെ വേറൊരു സംസ്ഥാനത്തും ഉണ്ടാവില്ല. പ്രവാസി ഇന്ത്യക്കാര്‍ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടരണമെന്നാണാഗ്രഹം ബാലകൃഷ്ണപിള്ള കുട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളം ഭരിച്ചിരുന്നപ്പോള്‍ യു.ഡി.എഫുകാര്‍ ഇവിടെ വിരലിലെണ്ണാവുന്ന ഹര്‍ത്താലുകള്‍ പോലും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ നാലും അഞ്ചും ഹര്‍ത്താലുകളാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെയാണോ ഒരു പ്രതിപക്ഷം വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പോലും മങ്ങലേല്‍പിക്കുന്ന വിധത്തില്‍ പ്രതിഷേധവും ഹര്‍ത്താലും സംഘടിപ്പിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.

യു.ഡി.എഫ് സര്‍ക്കാറിന്റെ എട്ട് മാസത്തെ വികസനോന്‍മുഖപ്രവര്‍ത്തനങ്ങള്‍ പിറവത്ത് പ്രതിഫലിക്കും. അഞ്ച് ദിവസത്തിനകം ചെയ്യാമെന്ന് പറഞ്ഞ കാര്യങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തിയാക്കി ചരിത്രം സൃഷ്ടിച്ച സര്‍ക്കാറാണിത്. വികസനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും ആവശ്യമില്ലാത്ത സമരങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ രീതി അംഗീകരിക്കാനാവില്ലെന്നും ബാലകൃഷ്ണ പിള്ള കുറ്റപ്പെടുത്തി.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.