എഡിറ്റര്‍
എഡിറ്റര്‍
വി.ഡി സതീശന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ നെല്ലിയാമ്പതിയില്‍
എഡിറ്റര്‍
Monday 6th August 2012 10:40am

പാലക്കാട്: യു.ഡി.എഫിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി വി.ഡി സതീശന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെ സംഘം നെല്ലിയാമ്പതിയില്‍. ആറുപേരാണ് സംഘത്തിലുള്ളത്. പാട്ടക്കരാര്‍ ലംഘിച്ച ചെറുനെല്ലി എസ്റ്റേറ്റ് അടക്കമുള്ള സ്ഥലങ്ങളില്‍ സംഘം വിവരങ്ങള്‍ തേടും.

Ads By Google

വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, വി.ടി ബല്‍റാം, എം.വി ശ്രേയാംസ്‌കുമാര്‍, കെ.എം ഷാജി എന്നീ എം.എല്‍.എമാരാണ് സംഘത്തിലുള്ളത്. ചെറുനെല്ലി എസ്റ്റേറ്റ് സന്ദര്‍ശിച്ചശേഷം സംഘം പാടഗിരി ഫോറസ്റ്റ് ഗസ്റ്റ്ഹൗസില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി കേള്‍ക്കും. പരിസ്ഥിതിപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, എസ്‌റ്റേറ്റ് കൈവശക്കാര്‍ തുടങ്ങിയവരില്‍നിന്നെല്ലാം പരാതികള്‍ സ്വീകരിക്കും. തുടര്‍ന്ന്, വനം ഉദ്യോഗസ്ഥരുടെ വാദവും കേള്‍ക്കും. ഉച്ചക്ക് ശേഷം രാജാക്കാട്, മാങ്കോട് എസ്‌റ്റേറ്റുകളും സന്ദര്‍ശിക്കും.

എം.എം ഹസന്‍ ചെയര്‍മാനായ യു.ഡി.എഫ് ഉപസമിതി നേരത്തെ നെല്ലിയാമ്പതി സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. നെല്ലിയാമ്പതിയില്‍ കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിച്ച പി.സി ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവനയോടെ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്നാരോപിച്ചാണ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്.

എം.എല്‍.എമാരുടെ സന്ദര്‍ശനം യു.ഡി.എഫിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആറംഗ സംഘത്തിന്റെ നെല്ലിയാമ്പതി സന്ദര്‍ശനത്തിന് സാമൂഹ്യപരിസ്ഥിതി സംഘടനകളുടെ ശക്തമായ പിന്തുണയുമുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെയും നിലനില്‍ക്കത്തക്ക വികസനത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപിടിക്കാനായി ജനപ്രതിനിധികള്‍ രംഗത്തിറങ്ങുന്നത് പ്രതീക്ഷ നല്‍കുന്നതായി സാമൂഹ്യപരിസ്ഥിതി സംഘടനകള്‍ അറിയിച്ചു. എം.എല്‍.എമാരുടെ സന്ദര്‍ശനത്തെ നെല്ലിയാമ്പതി സംരക്ഷണ സിമിതി, ഭാരതപ്പുഴ സംരക്ഷണ സമിതി, ജനജാഗ്രത, പ്ലാച്ചിമട കോളവിരുദ്ധ സമരസമിതി, ആദിവാസി സംരക്ഷണ സംഘം, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങി നിരവധി സംഘടനകളാണ് സ്വാഗതം ചെയ്തിട്ടുള്ളത്. ഈ സംഘടനകളുടെ പ്രവര്‍ത്തകരും ഇന്ന് നെല്ലിയാമ്പതിയിലെത്തുന്നുണ്ട്.

Advertisement