കോഴിക്കോട്: എമര്‍ജിങ് കേരളയുടെ പേരില്‍ നിയമലംഘനം അനുവദിക്കില്ലെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍. ഭൂപരിഷ്‌കരണ നിയമം, 1980ലെ വനനിയമം, ആദിവാസികളുടെയും മറ്റും സുരക്ഷയ്ക്കുവേണ്ടിയുണ്ടാക്കിയ  നിയമങ്ങള്‍ എന്നിവ പാലിച്ചായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും എം.എല്‍.എമാര്‍ അറിയിച്ചു.

Ads By Google

ഗ്രീന്‍തോട്ട്‌സ് കേരള എന്ന ബ്ലോഗിലൂടെയാണ് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കിയത്. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം, ശ്രേയാംസ്‌കുമാര്‍, ഹൈബി ഈഡന്‍, കെ.എം ഷാജി എന്നീ എം.എല്‍.എമാരാണ് ബ്ലോഗ് കുറിപ്പിന് പിന്നില്‍.

ബ്ലോഗ് കുറിപ്പില്‍ പറയുന്നത്:

കേരള സര്‍ക്കാരിന്റെ എമര്‍ജിങ് കേരളയെന്ന സംരഭത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും മുഴുവനായുള്ള വികസനത്തിനും സഹായകരമായ പദ്ധതികള്‍ കൊണ്ടുവരാനുള്ള നല്ല ശ്രമമാണിത്. കഴിഞ്ഞ മൂന്ന് ദശാബ്ദമായി കാര്‍ഷിക, വ്യവസായ മേഖലയില്‍ കേരളത്തിന് പറയത്തക്ക വികസനമൊന്നും കൊണ്ടുവരാനായിട്ടില്ലെന്നത് ആശങ്കയ്ക്ക് വകവെയ്ക്കുന്ന കാര്യമാണ്. കേരളത്തെ നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കിമാറ്റേണ്ടതിന്റെ ആവശ്യമുണ്ട്. ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട്. പുതിയ നിക്ഷേപവും ബിസിനസും വേണമെന്ന് പറയുമ്പോഴും നമ്മള്‍ ചില മുന്‍കരുതലെടുക്കേണ്ടതുണ്ട്.

എല്ലാതരത്തിലുള്ള വ്യവസായത്തിനും അനുയോജ്യമായ പ്രദേശമല്ല കേരളമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ സംസ്ഥാനത്തിന് ചില ഭൂമിശാസ്ത്ര പ്രത്ര്യകതകളുണ്ട്. വന്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണിത്‌. പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ പ്രാഥമിക കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ കേരളത്തിന്റെ ജൈവവൈവിധ്യത്തിനും പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും യാതൊരു കോട്ടവും തട്ടരുത്.

പുതിയ പ്രോജക്ടുകള്‍ കൊണ്ടുവരുന്ന ഭൂമിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഭൂപരിഷ്‌കരണ നിയമം, 1980ലെ വനനിയമം, ആദിവാസികളുടെയും  മറ്റും സുരക്ഷയ്ക്കുവേണ്ടിണ്ടാക്കിയ  നിയമങ്ങള്‍ എന്നിവ പാലിക്കപ്പെടണം. ഈ നിയമങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ അനുവദിക്കില്ല. കേരളത്തില്‍ വിലപ്പെട്ട ഒന്നാണ് ഭൂമി. അതിന്റെ ലഭ്യതയും കുറവാണ്. എമര്‍ജിങ് കേരളയ്ക്കുവേണ്ടിയുള്ള ഭൂമികൈമാറ്റങ്ങള്‍ നിയമപരവും സുതാര്യവുമായിരിക്കണം.

പൊതുഭൂമികള്‍, അത് റവന്യൂഭൂമിയായാലും വനഭൂമിയായാലും സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാന്‍ അനുവദിക്കില്ല. ഈ ഭൂമിയുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും സര്‍ക്കാരിന്മേലായിരിക്കണം. സംസ്ഥാനത്തെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത്.

ഭൂമി വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. പ്രസ്തുത ഭൂമിയുടെ മാര്‍ക്കറ്റ് വിലയ്ക്ക് ആനുപാതികമായിരിക്കണം വാടക തുക. ഇത് വര്‍ഷാവര്‍ഷം പുതുക്കുകയും വേണം.

യഥാര്‍ത്ഥ പദ്ധതിക്കല്ലാതെ ഭൂമി മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്ന് കരാറില്‍ പ്രത്യേകം പറയണം. വന്‍പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ എല്ലാ കേന്ദ്ര- സംസ്ഥാന നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കണം. പാരിസ്ഥിതിക ആഘാത പഠനം നടത്തുമ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സന്‍സ് പോലുള്ള അംഗീകൃത ഏജന്‍സികളെ കൊണ്ട് ചെയ്യിക്കണം. കേരളത്തിന്റെ വികസനത്തില്‍ പുതിയ അധ്യായം ചേര്‍ക്കാന്‍ എമര്‍ജിങ് കേരള ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിന് കഴിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

എമര്‍ജിങ് കേരള: നെല്ലിയാമ്പതി വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് വില്‍ക്കാന്‍ നീക്കം