എഡിറ്റര്‍
എഡിറ്റര്‍
മാണിയുടെ കാര്യത്തില്‍ തീരുമാനമാകുമോ? കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗവും യു.ഡി.എഫ് യോഗവും ഇന്ന്
എഡിറ്റര്‍
Tuesday 9th May 2017 9:37am

തിരുവനന്തപുരം: കോണ്‍ഗ്രസിന്റ രാഷ്ട്രീയകാര്യ സമിതിയോഗവും യു.ഡി.ഫ് യോഗവും ഇന്നു ചേരും.കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ പിന്തുണ സ്വീകരിച്ച് രാഷ്ട്രീയ വഞ്ചന കാട്ടിയ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയോടുളള നിലപാട് തീരുമാനിയ്ക്കുകയാണ് യോഗത്തിലെ മുഖ്യ അജണ്ട. കേരള കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന കോട്ടയം ഡി.സി.സിയുടെ പ്രമേയം രാഷ്ട്രീയ കാര്യസമിതിയോഗം ചര്‍ച്ച ചെയ്യും.

സംഘടനാതിരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും കെ.എം. മാണിയ്‌ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് തന്നെയായിരിക്കും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന ചര്‍ച്ച. കെ.എം. മാണിയും ജോസ് കെ.മാണിയും ഉള്ള കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന് ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡിസിസി കഴിഞ്ഞദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. ഇക്കാര്യം രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യും.

മാണിയെ ഒഴിവാക്കി ജോസഫ് വിഭാഗത്തെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സാധ്യതകളും പരിഗണിക്കപ്പെട്ടേക്കാം. മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും യുഡിഎഫ് യോഗത്തിലെ ചര്‍ച്ച.


Also Read: സിന്ധു ജോയിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു; വിവാഹം മെയ് 27 ന്; ശേഷം ഇംഗ്ലണ്ടില്‍


മാണിയ്ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാലും ഘടകകക്ഷികള്‍ പൂര്‍ണമായും യോജിക്കാന്‍ സാധ്യത വിരളമാണ്. പ്രത്യേകിച്ചും മാണിയുമായി അടുപ്പം സൂക്ഷിക്കുന്ന മുസ്!ലിം ലീഗ്. മുന്നണിയുടെ ഭാഗമല്ലാതിരുന്നിട്ടും മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ലീഗിന് അവഗണിക്കാനാകില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും മാണിയെ തള്ളിപ്പറയാന്‍ തയാറാകില്ല. അതേസമയം, കോണ്‍ഗ്രസിന്റ തീരുമാനം വരട്ടെയെന്നായിരുന്നു ജനതാദള്‍ എസിന്റേയും ആര്‍എസ്പിയുടേയും പ്രതികരണം.

Advertisement