തൊടുപുഴ: മൂന്നാറിലും പരിസരപ്രദേശങ്ങളിലും സി പി ഐ എമ്മുകാര്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി യു ഡി എഫ് സംസ്ഥാന നേതാക്കള്‍ ഇന്നു സന്ദര്‍ശിക്കുന്നു. സി പി ഐ എമ്മുകാര്‍ കൈയേറി മറിച്ചുവിറ്റ സ്ഥലങ്ങളിലും സംഘം ഇന്ന് സന്ദര്‍ശനം നടത്തും. യു ഡി എഫ് സംസ്ഥാന കണ്‍വീണര്‍ പി പി തങ്കച്ചന്‍ വട്ടവടയില്‍ ഭൂമി കയ്യേറിയെന്ന സി പി ഐ എം ആരോപണത്തിനും വാര്‍ത്തക്കും പിന്നലെയാണ് യു ഡി എഫ് സംസ്ഥാന നേതാക്കള്‍ മൂന്നാറിലെത്തുന്നത്. സി പി ഐ എമ്മുകാരുടെ കയ്യേറ്റം സന്ദര്‍ശനത്തിലൂടെ ജനശ്രദ്ധയിലെത്തിക്കാനാവുമെന്നാണ് യു ഡി എഫ് കരുതുന്നത്. കൈയേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഭൂമി പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൂണ്ടിക്കാണിച്ചു കൊടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

മൂന്നാര്‍ ടൗണിലെ പ്രധാന കൈയേറ്റ സ്ഥലങ്ങളില്‍ 9 മണിയോടയാണ് സന്ദര്‍ശനത്തിന്റെ തുടക്കം. തുടര്‍ന്ന് കുണ്ടളയിലും ലക്ഷ്മിയിലും ദേവികുളത്തും സന്ദര്‍ശനം നടത്തും. ഉച്ചക്ക് രണ്ടുമണിയോടെ ചിന്നക്കനാലില്‍ സന്ദര്‍ശനം അവസാനിപ്പിക്കുന്ന സംഘം മാധ്യമങ്ങളെ കാണും.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഘടക കക്ഷി നേതാക്കളായ എം പി വീരേന്ദ്രകുമാര്‍ , പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ്, എം വി രാഘവന്‍ , കെ ബി ഗണേഷ് കുമാര്‍ , ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.