ആലപ്പുഴ: സിറ്റിംഗ് മണ്ഡലമായ അരൂര്‍ ഒഴിവാത്തി ചേര്‍ത്തല അനുവദിക്കണമെന്ന് ജെ.എസ്.എസ് യു.ഡി.എഫ് സീറ്റുവിഭജന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അഞ്ചുസീറ്റു വേണമെന്ന കാര്യത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കെ.ആര്‍ ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

യു.ഡി.എഫിന്റെ സീറ്റുവിഭജന ചര്‍ച്ച കീറാമുട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതെല്ലാം സീറ്റ് ആര്‍ക്കെല്ലാം നല്‍കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സീറ്റുവിഭജനത്തിലെ അതൃപ്തി ഗൗരിയമ്മ ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വാമനപുരം വിട്ടുനല്‍കണമെങ്കില്‍ തിരുവനന്തപുരം മണ്ഡലം നല്‍കണമെന്നാണ് ജെ.എസ്.എസ് ആവശ്യപ്പെടുന്നത്. ഇല്ലാതാകുന്ന പന്തളം മണ്ഡലത്തിന് പകരം മാവേലിക്കര മണ്ഡലം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ മറ്റ് സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം മാത്രം സീറ്റുവിഭജനകാര്യത്തെക്കുറിച്ച് പ്രതികരിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എത്ര സീറ്റ് വേണമെന്നും ഏതെല്ലാം സീറ്റ് വേണമെന്നും ജെ.എസ്.എസ് വ്യക്തമാക്കിയിട്ടില്ലെന്നും തങ്ങളുടെ ബുദ്ധിമുട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും പി.പി തങ്കച്ചന്‍ വ്യക്തമാക്കി.