Categories

യു.ഡി.എഫ്: കാലുവാരി അടിതെറ്റുമോ?

കളമെഴുത്ത്/ കെ.എം സജീഷ്


ഒഴിവാക്കപ്പെട്ടവരുടെ പ്രതിഷേധങ്ങള്‍, മടങ്ങിയെത്തിയവരുടെയും പുത്തന്‍കൂറ്റുകാരുടെയും നിരാശ. ഘടക കക്ഷികളിലെ പടലപ്പിണക്കങ്ങള്‍.അണികളുടെയും അനുഭാവികളുടെയും ബഹളങ്ങള്‍.ചാനലുകളിലെ പരസ്പരം പോര്‍വിളികള്‍. സ്ഥാനാര്‍ത്തിപ്പട്ടിക പുറത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സ് നേത്രത്വം ആവേശത്തെക്കാളേറെ ആശങ്കയിലാണ്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുമെന്നുറപ്പിച്ച പട്ടികയില്‍ ഇടംനേടിയവരിലേറെയും പതിവുപോലെ തറവാട്ടിലെ കാരണവന്‍മാര്‍തന്നെ. കരുണാകരന്റെകൂടെ വന്നവരെ ഒന്നായിവെട്ടി എന്ന ആക്ഷേപമുന്നയിച്ച് പത്മജയുടെ പ്രതിഷേധമാണ് ഒടുവിലത്തേത്. കെ മുരളീധരനെ വട്ടിയൂര്‍ക്കാവില്‍ നിര്‍ത്തി സമാധാനിപ്പിച്ചെങ്കിലും സീറ്റുകിട്ടാത്തതിലെ പ്രതിഷേധം പത്മജ മറച്ചുവെക്കുന്നില്ല. കഴിഞ്ഞദിവസം ചാനല്‍ അഭിമുഖത്തിനിടെ പത്മജ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ ഇതിനുള്ള തെളിവാണ്.

കരുണാകരന്റെ വിശ്വസ്തയായിരുന്ന ശോഭനാ ജോര്‍ജ് ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെതിരെ മത്സരരംഗത്തിറങ്ങുന്നതാണ് അവഗണനയുടെ അടുത്ത കാഴ്ച. ഇടമലയാര്‍ കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളും കോലാഹലങ്ങളുമായിരുന്നു തുടക്കത്തില്‍ യു ഡി എഫിന്റെ കല്ലുകടി. പിള്ളയെ മാറ്റി ഡോ മുരളിയെ കൊട്ടാരക്കരയില്‍ നിര്‍ത്തി അല്‍പ്പം ആശ്വാസം കണ്ടെത്തിയതാണ്.

ഇതിനിടെ സീറ്റുകളുടെ വിജയസാധ്യതയെച്ചൊല്ലി ഗൗരിയമ്മയും സി എം പിയും നടത്തിയ പ്രതിഷേധങ്ങള്‍ മുന്നണിയെ തുടക്കത്തില്‍ ക്ഷീണത്തിലാക്കി. അഴീക്കോട് സീറ്റിന്റെ പേരില്‍ സി എം പി യു ഡി എഫിനോട് തങ്ങളുടെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയതും വിജയസാദ്ധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കിയില്ലെന്ന ആക്ഷേപവുമായി സോഷ്യലിസ്റ്റ് ജനത രംഗപ്രവേശനം ചെയ്തതും ഘടകകഷികളുമായുള്ള കോണ്‍ഗ്രസ്സിന്റെ ഒരുമയില്ലായ്മ തുറന്നുകാട്ടി.

മീനച്ചൂടില്‍ ഇത്തവണ കോണ്‍ഗ്രസ്സിനെ കൂടുതല്‍ വിയര്‍പ്പിക്കുക റിബലുകളുടെ സാന്നിദ്ധ്യം തന്നെയായിരിക്കും.ചെങ്ങന്നൂര്‍,പാലക്കാട്,പട്ടാമ്പി,പാറശ്ശാല,തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് റിബലുകള്‍ യു ഡി എഫിനെ ഗുരുതരമായി ബാധിക്കുക.ചെങ്ങന്നൂരില്‍ മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജും പാലക്കാട്ട് മുന്‍ എം എല്‍ എയും മുന്‍ ഡി സി സി പ്രസിഡന്റുമായ എ വി ഗോപിനാഥും പട്ടാമ്പിയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി കെ എസ് ബി എ തങ്ങളും പാറശ്ശാലയില്‍ ഡി സി സി അംഗം വിശ്വംഭരനുമാണ് റിബല്‍ വേഷമണിഞ്ഞ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

തിരുവല്ലയില്‍ കേരളകോണ്‍ഗ്രസ്സ് സിറ്റിംഗ് എം എല്‍ എ ജോസഫ് എം പുതുശ്ശേരി ഇടഞ്ഞ് നില്‍ക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനിടയിലാണ് പട്ടികയിലെ യുവാക്കളുടെ അവഗണനയെച്ചൊല്ലി യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ പടപ്പുറപ്പാട്. യുവാക്കള്‍ക്ക് മുന്‍ഗണനയെന്ന രാഹുലിന്റെ പ്രഖ്യപനത്തിലെ പാളിച്ച യൂത്ത്‌കോണ്‍ഗ്രസുകാരില്‍ അമര്‍ഷവും നിരാശയിലുമാക്കിയിട്ടുണ്ട്.യൂത്ത്‌കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് ടി സിദ്ദിഖിന് കോഴിക്കോട് സീറ്റുനല്‍കാത്തതില്‍ കടുത്തപ്രതിഷേധമാണ് ജില്ലാ യൂത്ത്‌കോണ്‍ഗ്രസ്സ് നേത്രത്വത്തിനുള്ളത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിനി യൂത്ത് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.ഇത് ഡി സി സിയെ തെല്ല് ആശങ്കയിലാക്കിയിട്ടുണ്ട്.

ഇതിനിടയിലാണ് സ്ഥലവാസികള്‍ക്ക്‌പോലും പരിചിതനല്ലാത്ത കെ ടി ബെന്നി ചാലക്കുടിയില്‍ രാഹുലിന്റെ അനുഗ്രഹാശിസ്സുകളോടെ മത്സരരഗംത്തിറങ്ങുന്നത്. ബെന്നിയുടെ സ്ഥാനാര്‍ത്ഥിത്വം ഏതുരീതിയല്‍ വ്യാഖ്യാനിക്കണമെന്ന് കഴിയാതെ തപ്പിത്തടയുകയാണ് കോണ്‍ഗ്രസ്സ് നേത്രത്വം. കെ പി സി സി യുവാക്കളുടെ സീറ്റുകള്‍ കൈക്കലാക്കിയെന്നാണ് അണിയറയില്‍നിന്ന് ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍.

ഏതായാലും തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും സീറ്റ് വിഭജനത്തിലും ഒരു മുന്നണിക്കുള്ളില്‍ എത്രത്തോളം കോലാഹലങ്ങളുണ്ടാക്കാന്‍ കഴിയുമോ അതിന്റെ പരമാവധി ഇപ്പോള്‍ യു.ഡി.എഫില്‍ സംഭവിച്ചു കഴിഞ്ഞു. ഇനിയെങ്ങാന്‍ ഇവര്‍ ജയിച്ചുവന്നാല്‍ എന്തെല്ലാം കളികള്‍ കാണേണ്ടിവരും.

3 Responses to “യു.ഡി.എഫ്: കാലുവാരി അടിതെറ്റുമോ?”

  1. sindhu

    excellent write up

  2. SHIJU SASIDHARAN

    ഇനിയെങ്ങാന്‍ ഇവര്‍ ജയിച്ചുവന്നാല്‍ എന്തെല്ലാം കളികള്‍ കാണേണ്ടിവരും.

  3. muj

    ആരു ജയിച്ച്ഹലും മരണക്കളി ആയിരിക്കും പിന്നെ എന്ത് കാര്യം ജനംഗലെ കാര്യം മഹാ കഷ്ടം /…………………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.