തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ മതസാമുദായിക ന്യൂനപക്ഷ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ബി.ജെ.പി സംസ്ഥാന സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ധനമന്ത്രി മാണി ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സ്വാധീനമേഖലയെ ലക്ഷ്യംവെച്ചുള്ളതാണ്. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് തോട്ടം ഭൂമിയില്‍ ഇളവ് അനുവദിക്കാനുള്ള തീരുമാനത്തിലൂടെ വ്യക്തമായത്. ഭൂമി കൈയേറ്റക്കാരുടെയും റിസോര്‍ട്ട് മാഫിയകളുടെയും നിയന്ത്രണത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. വനം പരിസ്ഥിതി നിയമത്തില്‍നിന്ന് കാര്‍ഷിക മേഖലയെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കൈയേറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. കുട്ടനാട്, അട്ടപ്പാടി, നെല്ലിയാമ്പതി, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന ഭൂമി കൈയേറ്റത്തിനെതിരെ ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്നും വി.മുരളീധരന്‍ പറഞ്ഞു.