തിരുവനന്തപുരം: ധനവിനിയോഗ ബില്‍ പാസാക്കുന്ന സമയത്ത് സര്‍ക്കാറിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷം. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭവിട്ടു. ഇന്ന് ധനവിനിയോഗ ബില്‍ പാസാക്കുമ്പോഴാണ് നിയമസഭാ ചരിത്രത്തില്‍ അസാധാരണമായ സംഭവ വികാസമുണ്ടായത്.

ധനവിനിയോഗ ബില്‍ മൂന്നാം വായനയും കഴിഞ്ഞ് പാസ്സാക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഭരണപക്ഷത്തിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ബില്‍ വോട്ടിനിടുമ്പോള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനായി ധനമന്ത്രി കെ.എം മാണി പ്രസംഗം മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ സമയം 67 അംഗങ്ങളാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന് 68 അംഗങ്ങളുണ്ടായിരുന്നു.

പിന്നീട് പുറത്തുള്ള അംഗങ്ങളെ വിളിച്ചുകൂട്ടിക്കൊണ്ട് വന്ന ശേഷമാണ് ബില്‍ വോട്ടിനിട്ടതെന്നും പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ വിട്ടു. അതേസമയം സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന അവസ്ഥ നിയമസഭയിലുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിപ്രസംഗം നടത്തുമ്പോള്‍ തന്നെ സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധനവിനിയോഗ ബില്‍ ചര്‍ച്ച നടക്കുമ്പോള്‍ മാണി സഭയില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. എ്ന്തിനാണ് എഴുന്നേറ്റ് നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. അപ്പോള്‍ ബെന്നി ബെഹനാനും മറ്റും അംഗങ്ങളെ വിളിച്ചുകൊണ്ടുവരാന്‍ പോവുകയായിരുന്നു. ഈ സമയത്ത് സഭയില്‍ പ്രതിപക്ഷത്തിന് 68ഉം ഭരണപക്ഷത്തിന് 67ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ബില്‍ പരാജയപ്പെടുന്നത് ഒഴിവാക്കാന്‍ സ്പീക്കര്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും വി.എസ് പറഞ്ഞു.