Administrator
Administrator
ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുത്തു: വി.എസ്
Administrator
Friday 9th March 2012 2:44pm

vs-achuthanandanതിരുവനന്തപുരം: രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന്ന് രാവിലെ അഞ്ചുമണിയോടെ ശെല്‍വരാജ് ഒരു യു.ഡി.എഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് നേതാവാരാണെന്ന് വി.എസ് വ്യക്തമാക്കിയില്ല.

പിറവത്ത് എങ്ങാനും തോറ്റുപോയാല്‍ അതിന് തടയിടാനാണ് വന്‍തുക ഇറക്കി യു.ഡി.എഫ് കളിക്കുകയാണെന്നും വി.എസ് ആരോപിച്ചു.

ശെല്‍വരാജുമായി വി.എസിന് നല്ല ബന്ധമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരുമായും തനിക്ക് നല്ല ബന്ധമാണെന്നായിരുന്നു വി.എസിന്റെ മറുപടി. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നുവെന്നും രാജിക്കാര്യം പാര്‍ട്ടിയില്‍ ആരുമായും ആലോചിച്ചിരുന്നില്ലെന്നും വി.എസ് പറഞ്ഞു.

അതിനിടെ, ചീഫ് വിപ്പ് പി.സി ജോര്‍ജിനൊപ്പം ശെല്‍വരാജ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മുഖ്യമന്ത്രിയെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൂജപ്പുരയിലുള്ള പുല്‍പ്പള്ളിയെന്ന വീട്ടിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം പി.സി ജോര്‍ജ്ജ് നിഷേധിച്ചു.

ശെല്‍വരാജിന്റെ രാജി യു.ഡി.എഫ് ഗൂഢാലോചനയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സെല്‍വരാജിനെ പണംകൊടുത്ത് മറിച്ചതാണെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ ജനങ്ങളെ ഇത്തരത്തില്‍ പണംകൊടുത്ത് വാങ്ങാന്‍ കിട്ടില്ല. ഇത്തരം വര്‍ഗവഞ്ചകന്‍മാരെ പാര്‍ട്ടി മുമ്പും നേരിട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Malayalam news

Kerala news in English

Advertisement