തിരുവനന്തപുരം: പിറവം തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നടത്താമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും യോജിപ്പ്. ഇരുമുന്നണികളും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന 18ാം തിയതി ഞായറാഴ്ചയായതിനാല്‍ പകരം 17ാം തിയതി ആക്കണമെന്ന് യു.ഡി.എഫ് ഔദ്യോഗികമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതേതുടര്‍ന്ന് ദല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇത് സംബന്ധിച്ച അഭിപ്രായം ആരായുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സംസ്്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് അറിയിച്ചത്. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ നളിനി നെറ്റോയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ബി.എസ്.പി മാത്രമാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ 17ന് നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്ററി പരീക്ഷ മാറ്റിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Malayalam News

Kerala News In English