തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിക്കാനാണ് പ്രാദേശിക പാര്‍ട്ടികള്‍ ഒത്തുചേരുന്നത്. എന്നാല്‍ യു.ഡി.എഫിലെ വലിയ കക്ഷികളായ മുസ്‌ലീം ലീഗും സോഷ്യലിസ്റ്റ് ജനതയും കൂട്ടായ്മയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളാകോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ചേരുന്നത്.

കേരളത്തിലെ ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി.പി.ഐ.എം എന്നിവ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് പ്രാദേശിക പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.  ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് ഘടകകക്ഷികളുടെ കൂട്ടായ്മക്ക് രൂപം കൊടുക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാത്രമല്ല, സംസ്ഥാനത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം.

ഇതുപോലൊരു കൂട്ടായ്മ രൂപീകരിക്കുന്നത് സംബന്ധിച്ച് ഇതിന് മുമ്പ് തന്നെ  ആലോചനകള്‍ നടന്നിരുന്നു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമാകുന്ന ഈ അവസരം ഇതിനായി ഉപയോഗിക്കുകയായിരുന്നു. കേരളകോണ്‍ഗ്രസ് ജെ, കേരളാകോണ്‍ഗ്രസ് എം, ജെ.എസ്.എസ്, സി.എം.പി എന്നീ പാര്‍ട്ടികളാണ് കൂട്ടായ്മയില്‍ അംഗമാകുന്നത്.

Malayalam news

Kerala news in English