എഡിറ്റര്‍
എഡിറ്റര്‍
ഉദ്ദവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നു
എഡിറ്റര്‍
Wednesday 30th January 2013 9:20am

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയൊരു സഖ്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഉദ്ദവ് താക്കറെയും രാജ് താക്കറേയും. ഇതിന്റെ ഭാഗമായി ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറേയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറേയും തമ്മിലുള്ള ചര്‍ച്ച നടന്നതായാണ് അറിയുന്നത്.

Ads By Google

ശിവസേന മുഖപത്രമായ സാംനയിലാണ് ഇരുപാര്‍ട്ടികളും കൈകോര്‍ക്കുന്നതിന്റെ വ്യക്തമായ സൂചനകളുള്ളത്. പത്രത്തില്‍ ഉദ്ദവ് താക്കറെയുമായുള്ള അഭിമുഖത്തിലാണ് രാജ് താക്കറെയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഉദ്ദവ് അനുകൂലമായി പ്രതികരിച്ചത്.

ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന്, രണ്ട് പേരെയും ഒന്നിച്ച് നിര്‍ത്തി ചോദിക്കേണ്ടതാണെന്നും ഞങ്ങള്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തേണ്ടതാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

അതേസമയം, ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ഇപ്പോള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മറാത്തി വോട്ടുകള്‍ തിരിച്ചുപിടിക്കാമെന്നും ഉദ്ദവ് പറയുന്നു.

‘ഞങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പരമായി ഇരുപാര്‍ട്ടികളുടേയും ലക്ഷ്യമെന്താണെന്നും ആരാണ് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെന്ന് തിരിച്ചറിയണമെന്നും  ഉദ്ദവ് വ്യക്തമാക്കുന്നു.

ശിവസേന-എം.എന്‍.എസ് ഐക്യത്തിന്റെ വ്യക്തമായ സൂചനകളാണ് ഉദ്ദവ് നല്‍കിയതെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. ഇനി ഇതില്‍ പ്രതികരിക്കേണ്ടത് രാജ് താക്കറെയാണെന്നും സഞ്ജയ് വ്യക്തമാക്കി.

ബാല്‍ താക്കറെയുടെ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ശിവസേനയുടെ തീരുമാനമെന്നും സഞ്ജയ് വ്യക്തമാക്കി.

Advertisement