Categories

ഉദയംപേരൂര്‍: വിമതര്‍ക്കെതിരായ നടപടിയില്‍ നിന്നും ജില്ലാ നേതൃത്വം പിന്മാറി

cpim-flag

മുളന്തുരുത്തി: പ്രതിഷേധം ശക്തമായതോടെ ഉദയംപേരൂരില്‍ സി.പി.ഐ.എം വിമതര്‍ക്കെതിരായ നടപടിയില്‍ നിന്നും ജില്ലാ നേതൃത്വം പിന്മാറി.

മുളന്തുരുത്തി ഏരിയ കമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തിയ വി.എസ് പക്ഷ നേതാവ് ടി.രഘുവരനെ ലോക്കല്‍ സെക്രട്ടറിയാക്കിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

ഉദയംപേരൂരിലെ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നിച്ചു നിന്നതോടെയാണ് ജില്ലാ നേതൃത്വത്തിന് പരാജയം സമ്മതിക്കേണ്ടി വന്നത്.

ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റിലെ യൂണിയന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മുളന്തുരുത്തി ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.രഘുവരനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.

ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. വി.എസ് പക്ഷക്കാരായ പ്രമുഖ നേതാക്കള്‍ക്കെതിരായ തീരുമാനം നടപ്പാക്കാന്‍ ലോക്കല്‍ കമ്മിറ്റിയോഗത്തില്‍ സാധിക്കാതെ വന്നതോടെയാണ് ഒത്തു തീര്‍പ്പിന് ജില്ലാ നേതൃത്വം തയ്യാറായത്.

ജില്ലാസെക്രട്ടറി സി.എന്‍ ദിനേശ്മണിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പതിനേഴംഗ ലോക്കല്‍ കമ്മിറ്റിയില്‍ പതിനാലു പേരും നടപടിയെ എതിര്‍ത്തു.

നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായാല്‍ ഉദയംപേരൂരിലെ പാര്‍ട്ടിയുടെ നില നില്‍പ്പിനെ ബാധിക്കുമെന്ന അംഗങ്ങളുടെ മുന്നറിയിപ്പു കൂടിയായപ്പോള്‍ ജില്ലാസെക്രട്ടറി ഒത്തുതീര്‍പ്പിന് വഴങ്ങി.

തീരുമാനമറിഞ്ഞ് വിമതര്‍ ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ നടപടിക്ക് വിധേയനായ പി.കെ.രാജു ലോക്കല്‍ കമ്മിറ്റിയംഗമായി തുടരും.

Tagged with: |