എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: ഉദയകുമാര്‍ കീഴടങ്ങില്ലെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Wednesday 12th September 2012 4:43pm

കൂടംകുളം: കൂടംകുളം ആണവനിലയ വിരുദ്ധ സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പോലീസില്‍ കീഴടങ്ങില്ല. കൂടംകുളം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ‘അഴിമതിയ്‌ക്കെതിരെ ഇന്ത്യ’ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളാണ് കീഴടങ്ങില്ലെന്ന ഉദയകുമാറിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

രാത്രി ഒമ്പത് മണിക്ക് മുമ്പായി പോലീസിന് മുന്നില്‍ കീഴടങ്ങുമെന്ന് ബുധനാഴ്ച ഉദയകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കീഴടങ്ങാന്‍ മുന്നോട്ടുവന്ന ഇയാളെ അനുയായികള്‍ തടയുകയും ബോട്ടില്‍ കടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Ads By Google

രാവിലെ ഉദയകുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നും കീഴടങ്ങരുതെന്ന് ഉപദേശിച്ചതായും കെജ്‌രിവാള്‍ പറഞ്ഞു. നിയമപരമായ എല്ലാ പരിഹാരങ്ങളും അദ്ദേഹം തേടും. പോലീസില്‍ കീഴടങ്ങാതെ അദ്ദേഹം പുറത്ത് നില്‍ക്കേണ്ട ആവശ്യകതയുണ്ടെന്ന് അദ്ദേഹത്തെ താന്‍ ബോധ്യപ്പെടുത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കൂടംകുളം സമരക്കാര്‍ക്കെതിരായ പോലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. സമരക്കാരെ പോലീസ് മര്‍ദിക്കുകയും പീഡിപ്പിക്കുകയുമാണ് ചെയ്തത്. ഈ രീതി തുടര്‍ന്നാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജയലളിതയെ ഒരു പാഠം പഠിപ്പിക്കും.

പോലീസ് കുറേക്കൂടി മനുഷ്യത്വപരമായി പെരുമാറണം. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവരുടെ പരിമിതികള്‍ താന്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഊര്‍ജം നമുക്കാവശ്യമാണ്. അതേസമയം തന്നെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുകൊണ്ടുവരേണ്ട ആവശ്യവുമുണ്ട്. എല്ലാമേഖലയിലുമുള്ള വികസനമാണ് നമുക്ക് വേണ്ടതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

കൂടംകുളത്ത് ഒരു വര്‍ഷത്തിലധികമായി തുടരുന്ന സമരം കഴിഞ്ഞദിവസമാണ് കരുത്താര്‍ജിച്ചത്. കഴിഞ്ഞദിവസം സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് ലാത്തിപ്രയോഗിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ജനങ്ങളെ മറയാക്കി പീപ്പിള്‍സ് മൂവ്മെന്റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി പ്രവര്‍ത്തിക്കുകയാണെന്നാരോപിച്ച് പോലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ കൂടംകുളത്ത് റിലേ നിരാഹാര സമരം തുടരുകയാണ്. ആണവ നിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ പ്രകടനം നടത്തുകയും ഇതേത്തുടര്‍ന്ന് തിരുനെല്‍വേലി ടൗണിലേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെടുകയും ചെയ്തു. ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രാമന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഉദയകുമാറും സംഘവും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് വിജയേന്ദ്ര ബിഡാരി കുറ്റപ്പെടുത്തി. തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement