കൂടംകുളം: കൂടംകുളം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സ്വാഗതം ചെയ്യുന്നതായി കൂടംകുളം സമരസമതി നേതാവ് ഉദയകുമാര്‍. വി.എസിന്റെ സാന്നിധ്യം സമരത്തിന് ആവേശം പകരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടംകുളത്തെ സമരസമിതി നേതാക്കന്‍മാര്‍ നടത്തുന്നത് ഒളിയുദ്ധമല്ല. ജീവന് വേണ്ടിയുള്ള സമരമാണ് അത്. എന്നാല്‍ ആ സമരത്തെ ആയുധം ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Ads By Google

ഒരു വ്യക്തി നയിക്കുന്ന സമരമല്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് സമരമുഖത്ത് നിന്നും താന്‍ മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

ആണവനിലയത്തെ കുറിച്ച് അഭിപ്രായം പറയേണ്ടത് സര്‍ക്കാരോ കോടതിയോ അല്ല. സാധാരണ ജനങ്ങളാണെന്നും ഉദയകുമാര്‍ പറഞ്ഞു.

ആണവവിരുദ്ധ സമരം നടക്കുന്ന കൂടംകുളത്തേക്ക് പോകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. കൂടംകുളം പദ്ധതി ആപല്‍ക്കരമാണെന്ന് വി.എസ് ആവര്‍ത്തിച്ചു.

കൂടംകുളം സന്ദര്‍ശിക്കാന്‍ വി.എസ് നേരത്തെ തീരുമാനിച്ചിരിന്നെങ്കിലും കേന്ദ്രകമ്മിറ്റി ഇടപ്പെട്ട് വിലക്കുകയായിരുന്നു.