എഡിറ്റര്‍
എഡിറ്റര്‍
ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്ങിന് പിന്നില്‍ യു.എ.ഇ: വാഷിംഗ്ടണ്‍ പോസ്റ്റ്
എഡിറ്റര്‍
Monday 17th July 2017 3:42pm

ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെയും സര്‍ക്കാരിന്റേയും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത സംഭവത്തിന് പിന്നില്‍ യു.എ.ഇയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

ഹാക്കിംഗ് യു.എ.ഇ നേരിട്ട് നടത്തിയതാണോ അതിന് മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയതാണോ എന്നത് ഇന്റലിജന്‍സ് വിവരങ്ങളില്‍ നിന്ന് വ്യക്തമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.


Dont Miss എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണമെന്ന് ആര്‍.എസ്.എസ് തീരുമാനിക്കേണ്ട; മനുസ്മൃതിയിലെ ‘മൂല്യങ്ങള്‍’ കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതായും പിണറായി


ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നതിന്റെ തലേദിവസം ഇതിനെ കുറിച്ച് യു.എ.ഇ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെയ് 23ന് യു.എ.ഇ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഖത്തര്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്നും പദ്ധതി നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുവെന്നും യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ യു.എ.ഇ സര്‍ക്കാര്‍ നേരിട്ടാണോ കൃത്യം നടപ്പാക്കിയത് മറ്റാരുടേയെങ്കിലും സഹായം തേടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


Dont Miss സരസ്വതിയുടെ നഗ്നചിത്രം; ദീപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ ഹെയിറ്റ് കാമ്പയിന്‍; ചരിത്രവും നിയമവും പറഞ്ഞ് ദീപാനിശാന്തിന്റെ മറുപടി


എന്നാല്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റോ ഖത്തര്‍ സര്‍ക്കാരിന്റെ മറ്റേതെങ്കിലും വെബ്സൈറ്റുകളോ ഹാക്ക് ചെയ്യപ്പെട്ടതില്‍ തങ്ങളുടെ രാജ്യത്തിന് ഒരു പങ്കുമില്ലെന്ന് വാഷിംഗ്ടണിലെ യു.എ.ഇ അംബാസഡര്‍ യൂസഫ് അല്‍ഉതൈബ പറഞ്ഞു.

ഖത്തര്‍ വെബ്‌സൈറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണ്. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ല. ഇത് ഖത്തറിന്റെ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റും അതിന്റെ സോഷ്യല്‍ മീഡിയ പേജുകളും പ്രദേശത്തെ ഒരു രാജ്യം തന്നെയാണെന്ന് ഹാക്ക് ചെയ്‌തെന്ന് എഫ്.ബി.ഐയുടെ സഹകരണത്തോടെ ഖത്തര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ നിഗമനം ശരിവെക്കുന്നതാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്.

ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത വ്യാജ വിവരങ്ങള്‍ ഉള്‍പ്പെട്ട ഫയല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്നും ഖത്തറിലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന് പുറമേ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ബ്രിട്ടീഷ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ കോമ്പാറ്റിംഗ് ക്രൈ എന്നിവയുടെ സഹകണത്തോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തിയിരുന്നത്. ആധുനിക സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

മെയ് 24നാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റ് ഹാക്ക് ചെയ്ത് അതിലൂടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.

മിലിട്ടറി ബിരുദധാന ചടങ്ങിലെ ഖത്തര്‍ അമീറിര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രസംഗമെന്ന തരത്തിലാണ് വ്യാജ വാര്‍ത്ത ഹാക്കര്‍മാര്‍ പുറത്തുവിട്ടത്.

ഖത്തര്‍ അമീറിന്റേതെന്ന പേരില്‍ ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഖത്തര്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പുറമേ ഖത്തര്‍ ഭീകരസംഘടനകളെ പിന്തുണക്കുന്നുവെന്നും ഫണ്ടുകള്‍ വിതരണം ചെയ്യുന്നുവെന്നും ആരോപിച്ച് നാല് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement