റഷീദ് പുന്നശ്ശേരി

ദുബൈ: ഇന്റര്‍നെറ്റ് ജാലകങ്ങള്‍ക്കു മുന്നിലിരുന്ന് പരസ്പരം പരിചയപ്പെടുകയും വിശേഷങ്ങള്‍ പങ്കു വെക്കുകയും വാഗ്വാദങ്ങളിലേര്‍പ്പെടുകയുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്ന ഒരു കൂട്ടം മലയാളികള്‍ ആദ്യമായി തമ്മില്‍ കണ്ടത് മറക്കാനാവാത്ത അനുഭവമായി. ഫെയ്‌സ് ബുക് മുഖേന തമ്മിലടുത്ത യു.എ.ഇയിലെ മലയാളികളാണു  ദുബൈ സാബീല്‍ പാര്‍ക്കില്‍ ഒത്തു ചേര്‍ന്നത്.

ആദ്യ സമാഗമത്തിന്റെ സന്തോഷങ്ങള്‍ക്കിടയില്‍ ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചു.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരും വ്യത്യസ്ത മത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവരും യു.എ.ഇ യുടെ വ്യത്യസ്ത എമിറേറ്റുകളില്‍ ജോലി ചെയ്യുന്നവരുമായിരുന്നു ഇവര്‍. സൗഹൃദത്തിന്റെ പുതിയ വലക്കണ്ണികള്‍ തീര്‍ത്ത് ജീവകാരുണ്ണ്യ മേഖലയില്‍ സജീവമാകമെന്ന തീരുമാനത്തോടെയാണ് ആദ്യ സമാഗമം പിരിഞ്ഞത്.

യു.എ.ഇ യില്‍ മാസങ്ങളുടെ മാത്രം പരിചയമുള്ളവര്‍ മുതല്‍ മുപ്പതു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചു കൊണ്ടിരിക്കുന്നവര്‍ വരെ വിവിധ പ്രായക്കാര്‍ ഒരേ മനസ്സോടെയാണു ഇത്തരമൊരു സംഗമത്തിനു തയാറായതെന്നു ഫെയ്‌സ് ബുക് മീറ്റിനു നേതൃത്വം നല്‍കിയ പ്രമോദ് കടവിലും, ഇഖ്ബാല്‍ കാഞ്ഞിരമുക്കും പറഞ്ഞു.

25 വര്‍ഷമായി യു കെ യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി മുരളി വെട്ടത്ത് സംഗമത്തില്‍ സംബന്ധിക്കുന്നതിനു വേണ്ടി മാത്രം ഇന്നലെ കാലത്ത് ദുബൈയിലെത്തുകയായിരുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന മാനുഷിക സ്‌നേഹത്തിനു മുന്നില്‍ ഇത്തരമൊരു കൂട്ടായ്മ ഉണ്ടെന്നറിഞ്ഞപ്പോള്‍ എല്ലാവരെയും ഒന്നു കാണാന്‍ കൊതിച്ചാണു ഇത്ര ദൂരം യാത്ര ചെയ്ത് വന്നതെന്നു അദ്ദേഹം പറഞ്ഞു.

അഹമദ് മരുതയൂര്‍, രവീന്ദ്രന്‍ നായര്‍, പ്രമോദ് കടവില്‍, ഇഖ്ബാല്‍, സജിത് മരക്കാര്‍, നാരായണന്‍ വെളിയങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.