ദോഹ: ഖത്തറില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങള്‍ക്കും പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ക്കും യു.എ.ഇയുടെ വിലക്ക്. പെനിന്‍സുലയുടെ വെബ്‌സൈറ്റ് നേരത്തെ അധികൃതര്‍ ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ അല്‍ ജസീറയുടെ വെബ്‌സൈറ്റിനും ചാനലിനും ഗള്‍ഫ് ടൈംസ്, ഖത്തര്‍ ട്രിബ്യൂണ്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും അറബ് മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

നേരത്തെ ഖത്തര്‍ എയര്‍വെയ്‌സിന്റെ പേരുള്ള ബാഴ്‌സലോണയുടെ ജെഴ്‌സിയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിലക്ക്.


Also Read: വിവാദമായ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് 


ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകളും അഭിപ്രായങ്ങളും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് യു.എ.ഇയും ബഹ്‌റൈനും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഖത്തര്‍ സര്‍ക്കാര്‍ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, അയല്‍ രാജ്യങ്ങളെ കുറ്റപ്പെടുത്തിയോ ആക്ഷേപിച്ചോ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളെ ബഹുമാനിക്കണമെന്നും ഇക്കാര്യത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നുമാണ് ഖത്തര്‍ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.