ദുബായ്: സ്ത്രീകളുടെ സംഭാവനകള്‍ ഉള്‍ക്കൊള്ളിക്കാതെയും സ്ത്രീ സൗഹൃദാന്തരീക്ഷമൊരുക്കാതെയും യു.എ.ഇയുടെ ഭാവിയിലേയ്ക്കുള്ള ദര്‍ശനം സാക്ഷാത്കരിക്കാനാകില്ലെന്ന് ദുബായി ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്. പൊതു-സ്വകാര്യ തൊഴില്‍മേഖലയ്ക്കുള്ള ലിംഗസമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലിടങ്ങളിലെ ലിംഗ സമത്വം ഉറപ്പുവരുത്താന്‍ ലിംഗസമത്വ മാര്‍ഗനിര്‍ദേശ രേഖ സഹായകമാകുമെന്ന് ദുബായ് ഭരണകൂടം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലാണ് മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കിയത്.


Also Read: സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ച് ബോധമില്ലാതെ പ്രധാനധ്യാപകന്‍; നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍; വീഡിയോ


‘2015 ലാണ് ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ യു.എ.ഇ ആരംഭിച്ചത്. രാജ്യത്തിന്റെ വളര്‍ച്ച ആഗോളതലത്തില്‍ ഉറപ്പാക്കാനായിരുന്നു ഇത്.’

ഇതിലെ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സാങ്കേതിക മേഖലകളിലുള്‍പ്പെടെ സ്ത്രീകളെ നേതൃസ്ഥാനങ്ങളില്‍ കൊണ്ടുവന്നു ലിംഗസമത്വം മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ജെന്‍ഡര്‍ ബാലന്‍സ് ഗൈഡ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ മേഖലകളിലും ഒരുപോലെ തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് സഹായമാകും.