എഡിറ്റര്‍
എഡിറ്റര്‍
യു.എ.ഇയില്‍ പൊതുമാപ്പ്: വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്‍ ഇളവ്
എഡിറ്റര്‍
Wednesday 14th November 2012 9:09am

അബുദാബി: അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ട് പോകാനോ വിസാ ക്രമീകരണം നടത്താനോ വേണ്ടി രണ്ട് മാസത്തെ പൊതുമാപ്പ് അനുവദിച്ചതായി യു.എ.ഇ താമസ കുടിയേറ്റ വകുപ്പ്  അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാദി അല്‍ മിന്‍ഹാലി അറിയിച്ചു.

Ads By Google

അനധികൃത താമസക്കാര്‍ക്ക്  യു.എ.ഇയിലെവിടെയും താമസ കുടിയേറ്റ വകുപ്പ് ഓഫീസ് സന്ദര്‍ശിച്ച് കടലാസ് പണികള്‍ പൂര്‍ത്തിയാക്കാം. രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയില്ല.

വിസാ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴയില്‍ ഇളവുണ്ടാകും. ഡിസംബര്‍ നാല് മുതല്‍ ഫെബ്രുവരി നാല് വരെയാണ് പൊതുമാപ്പ് കാലാവധി. ഇതിനിടയില്‍ വിസാ മാറ്റം നടത്തുകയോ രാജ്യം വിട്ട് പോകുകയോ വേണം. ഇല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരും.

അനധികൃത താമസക്കാര്‍ ഡിസംബര്‍ ആദ്യ വാരം തന്നെ താമസ -കുടിയേറ്റ വകുപ്പില്‍ ഹാജരാകണം. യാത്രാരേഖകള്‍ ഇല്ലാത്തവര്‍ അതാത് നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് ഔട്ട്പാസ് കരസ്ഥമാക്കണം. പൊതുമാപ്പിന് ശേഷം വ്യാപക തിരച്ചില്‍ ആരംഭിക്കും. പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ഏല്‍ക്കേണ്ടി വരുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.

പാസ്‌പോര്‍ട്ടും എയര്‍ലൈന്‍ ടിക്കറ്റും ഹാജരാക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരികെ പോകുന്നതിന് വിലക്കുണ്ടാകില്ലെന്നാണ് അറിയുന്നത്. യാതൊരു യാത്രാരേഖയും ഇല്ലാത്തവര്‍ക്ക് വിലക്കുണ്ടായേക്കും.

രണ്ടാഴ്ചത്തെ ബോധവത്ക്കരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശികളാണ് അനധികൃത താമസക്കാരില്‍ കൂടുതല്‍ എന്നാണ് നിഗമനം. ഇന്ത്യക്കാരും പാക്കിസ്ഥാനികളും ധാരാളമായുണ്ട്.

Advertisement