വാഷിങ്ടണ്‍: അഫ്ഗാന്‍ സേനക്ക് നല്‍കിവരുന്ന സൈനിക പരിശീലനം അമേരിക്ക നിര്‍ത്തിവെച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ദൗത്യസേനക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി.

Ads By Google

കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എസ് സേനയുടെ നിരവധി സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ഉത്തരവാദികള്‍ ആരെന്നുപോലും കണ്ടെത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല.

അഫ്ഗാനില്‍ ഏതാണ്ട് 45 ദൗത്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. താലിബാന്‍ തീവ്രവാദികളാണ് ആക്രമത്തിന് പിന്നിലെന്നാണ് അമേരിക്ക പറയുന്നത്. തീവ്രവാദികള്‍ അഫ്ഗാന്‍ സേനയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്നുവെന്നാണ് അമേരിക്കയുടെ നിഗമനം.

ഈ സാഹചര്യത്തിലാണ് അഫ്ഗാന്‍ സൈനികര്‍ക്ക് നല്‍കിവന്ന പരിശീലനം നിര്‍ത്തിവെയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അഫ്ഗാന്‍ സൈനികര്‍ക്ക് യു.എസ് സേന പരിശീലനം നല്‍കുന്നതിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.