Categories

ഖുര്‍ആന്‍ കത്തിക്കല്‍, മൃതദേഹത്തില്‍ മൂത്രമൊഴിക്കല്‍, ഉറങ്ങുന്നവരെ വെടിവെച്ചു കൊല്ലല്‍; അഫ്ഗാനില്‍ അമേരിക്കന്‍ ക്രൂരത


കാബൂള്‍: ഇറാഖ് പൗരന്‍മാരോട് അമേരിക്കന്‍-സഖ്യസൈന്യം ചെയ്തക്രൂരതകള്‍ മനുഷ്യത്വമുള്ള ജനങ്ങളെയെല്ലാം ഞെട്ടിച്ചതാണ്. സൈന്യം നടത്തുന്ന ക്രൂരകള്‍ ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ പ്രതിഷേധത്തിനിടയാക്കിയെങ്കിലും അമേരിക്കന്‍ സേന ഇപ്പോഴും ക്രൂരത തുടരുകയാണ്. അമേരിക്കന്‍ അധിനിവേശ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ സൈന്യം ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 18 ഓളം പേരെ വെടിവെച്ചുകൊലപ്പെടുത്തിയിരിക്കയാണ്.

നേരത്തെ അഫ്ഗാനില്‍ ഇസ്‌ലാം മത വിശ്വാസികള്‍ വിശുദ്ധമെന്ന് കരുതുന്ന ഖുര്‍ആന്‍ അമേരിക്കന്‍ സൈനികര്‍ കത്തിച്ചത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തൊട്ട് പിന്നാലെ അഫ്ഗാന്‍ പൗരന്‍മാരുടെ മൃതദേഹത്തില്‍ സൈന്യം മൂത്രമൊഴിക്കുന്ന ദൃശ്യം പുറത്തുവന്നു. ഇപ്പോഴിതാ കൂട്ടക്കൊലയും.

ഞായറാഴ്ച പുലര്‍ച്ചെയാണ് ദക്ഷിണ കാണ്ഡഹാര്‍ പ്രവിശ്യയില്‍ ഗ്രാമീണരുടെ വീടുകളില്‍ച്ചെന്ന് അമേരിക്കന്‍ പട്ടാളക്കാരന്‍ തുരുതുരാ വെടിവെച്ചത്. പഞ്ച്‌വായി ജില്ലയിലെ സൈനിക ക്യാമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പട്ടാളക്കാരനാണ് അടുത്തടുത്ത മൂന്നു വീടുകളില്‍ കയറി നിറയൊഴിച്ചത്. ഒമ്പതു കുട്ടികളും മൂന്നു സ്ത്രീകളും നാലു പുരുഷന്‍മാരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ അതിലും കൂടുതലാണെന്ന് റിപ്പോര്‍ട്ടുണ്ട്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെടിവെപ്പു നടത്തിയ പട്ടാളക്കാരനെ അറസ്റ്റു ചെയ്തതായി അന്താരാഷ്ട്ര സുരക്ഷാ സേന അറിയിച്ചു. ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി കൂട്ടക്കൊലയെ അപലപിച്ചു. അമേരിക്കന്‍ വിദേശകാര്യവകുപ്പും നാറ്റോയും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഇതേക്കുറിച്ച് യു.എസ്.അഫ്ഗാന്‍ സംയുക്തസേന അന്വേഷണം നടത്തുമെന്ന് നാറ്റോ അറിയിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒട്ടേറെപ്പേര്‍ തൊട്ടടുത്ത സൈനികക്യാമ്പിനു മുന്നില്‍ തടിച്ചു കൂടി. ഈ മേഖലകളില്‍ സഞ്ചരിക്കരുതെന്ന് ഉദ്യോഗസ്ഥരോട് യു.എസ്. എംബസി ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം നാറ്റോ സൈനിക ക്യാമ്പില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ച സംഭവത്തിന്റെ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ഏറ്റുമുട്ടലില്‍ ആറ് യു.എസ് സൈനികരടക്കം 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അമേരിക്ക മാപ്പ് പറഞ്ഞുവെങ്കിലും ജനം തൃപ്തരായിട്ടില്ല. താലിബാന്‍കാരുടെ മൃതദേഹങ്ങള്‍ക്കുമേല്‍ യു.എസ്. സെനികര്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഈ വര്‍ഷം ജനവരിയില്‍ വന്‍ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ 1,30,000 വിദേശ സൈനികരാണ് അഫ്ഗാനിസ്താനിലുള്ളത്.

Tagged with: