വാഷിംഗ്ടണ്‍: തിവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീനെ വിദേശ ഭീകരസംഘടനകളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയിബ, ജയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി) എന്നീ ഭീകരസംഘടനകളുമായി ഇന്ത്യന്‍ മുജാഹിദീന് അടുത്ത ബന്ധമുണ്ടെന്നും 2005 മുതല്‍ ഇന്ത്യയില്‍ നൂറ്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ നിരവധി ആക്രമണ പരമ്പരകള്‍ നടത്തിയതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഭീകരവിരുദ്ധതയ്ക്കായുള്ള യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡാനിയല്‍ ബഞ്ചമിന്‍ പറഞ്ഞു.

കരിമ്പട്ടികയില്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ മുജാഹിദീന് ഏതെങ്കിലും സഹായം ചെയ്യുന്നതില്‍നിന്ന് പൗരന്മാരെ വിലക്കുകയും സംഘടനയ്ക്ക് അമേരിക്കയില്‍ എന്തെങ്കിലും സ്വത്തുവകകളുണ്ടെങ്കില്‍ അതു മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യും.

ദക്ഷിണേഷ്യ മുഴുവന്‍ ഇസ്‌ലാമിക്ഭരണം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി ഭീകരപ്രവര്‍ത്തനം നടത്തുകയെന്നതാണ് ഇന്ത്യന്‍ മുജാഹിദീന്റെ അന്തിമലക്ഷ്യമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. ഇതോടെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള ഭീകരസംഘടനകളുടെ എണ്ണം 46 ആയി.