സ്മാര്‍ട്‌സിറ്റി: അമേരിക്കന്‍ കമ്പനിയും രംഗത്ത്; ടീകോമുമായി ഈ ആഴ്ച ചര്‍ച്ച
Kerala
സ്മാര്‍ട്‌സിറ്റി: അമേരിക്കന്‍ കമ്പനിയും രംഗത്ത്; ടീകോമുമായി ഈ ആഴ്ച ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2009, 11:13 am

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി ഏറ്റെടുക്കാമെന്ന് അറിയിച്ച് അമേരിക്കയിലെ ഉന്നത കമ്പനിയടക്കം രംഗത്ത് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സ്മാര്‍ട്‌സിറ്റി സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. ടീകോമുമായി ഒരു തവണ കൂടി ചര്‍ച്ച നടത്തും. ചര്‍ച്ചക്കായി ടീകോം സംഘം കേരളത്തിലെത്തും. ദുബൈയിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇന്‍ഫോപാര്‍ക്ക് ടീകോമിന് വിട്ടുകൊടുക്കണമായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരാണ് ഇന്‍ഫോപാര്‍ക്ക് നിലനിര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവിടെ 2000ത്തോളം പേരാണ് ജോലി ചെയ്തിരുന്നതെങ്കില്‍ ഇന്നവിടെയുള്ളത് 10000ത്തിലധികമാണ്. ഇനിയും നിരവധി പേര്‍ക്ക് അവിടെ ജോലി ലഭിക്കും. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്തുവേണം ആരോപണങ്ങള്‍ ഉയര്‍ത്താനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനം കാര്യക്ഷമമായ നടപടികളാണ് എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14 രൂപയ്ക്ക് ഇതിനകം അരി നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ലോക്‌സഭയില്‍ പറഞ്ഞിട്ടുണ്ട്. ഇത് കേരളത്തിലെ പ്രതിപക്ഷം ഓര്‍ക്കണം. ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാനും ക്ഷീരകര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധിയുടെ പരിധി വര്‍ദ്ധിപ്പിക്കാനും തലശ്ശേരിയില്‍ സര്‍ക്കസ് അക്കാദമി തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.