ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പടക്കം നിര്‍മ്മാണം നടത്തിയ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. പടക്കം നിര്‍മ്മാണം നടത്തിയ വീട്ടില്‍ വന്‍ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ കാന്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

Ads By Google

ഹിമ്മത്പൂര്‍ ഗ്രാമത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ദീപാവലി ആഘോഷങ്ങള്‍ക്കുള്ള പടക്കങ്ങളായിരുന്നു ഇവിടെ നിര്‍മിച്ചുകൊണ്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച് വന്നിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡപ്യൂട്ടി പൊലീസ് സുപ്രണ്ട് അശോക് കുമാര്‍ സിങ് പറഞ്ഞു.

മൈക്കുലാല്‍ എന്നയാളുടെ പേരിലാണ് പടക്കനിര്‍മാണശാലയുടെ ലൈസന്‍സ്. എന്നാല്‍ ദീപാവലിയുടെ തിരക്ക് കണക്കിലെടുത്ത് ലൈസന്‍സ് ഉള്ള പടക്കനിര്‍മാണ ശാലയില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ വച്ചും പടക്കങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

അപകടത്തെ തുടര്‍ന്ന് കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരെയും ഒരു ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി. സഞ്ജയ് കക്കാര്‍ അറിയിച്ചു.