എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അയിത്തമില്ലെന്ന് അദ്വാനി
എഡിറ്റര്‍
Sunday 11th November 2012 2:02pm

തിരുവനന്തപുരം: ബി.ജെ.പിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് തൊട്ടുകൂടായ്മയില്ലെന്ന് അദ്വാനി. കേന്ദ്ര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും പൊതു തെരഞ്ഞെടുപ്പ് 2014ന് മുമ്പ് നടക്കുമെന്നും ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മാത്രമല്ല മറ്റ് പാര്‍ട്ടികളുമായും സൗഹൃദമാകുന്നതില്‍ ബുധിമുട്ടില്ലെന്നും കഴിഞ്ഞ വര്‍ഷം സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുമായി അദ്ദേഹം സൗഹൃദസംഭാഷണം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇതേ രീതിയില്‍ ഇന്ത്യയില്‍ ഭാവി ഇല്ലെന്നും അദ്വാനി വ്യക്തമാക്കി.

Ads By Google

തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍.എസ്.എസ്-സി.പി.ഐ.എം ഐക്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ടി.ജി. മോഹന്‍ദാസ് ‘കേരളം കാത്തിരിക്കുന്ന സൗഹൃദം’ എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സംഘപരിവാറും സി.പി.ഐ.എമ്മും തമ്മിലുള്ള ശത്രുത മാറ്റിവെച്ച് ഇരുപാര്‍ട്ടികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ആര്‍.എസ്.എസ്സും സി.പി.ഐ.എമ്മും രാജ്യസ്‌നേഹത്തെ ചൊല്ലി പരസ്പരം കലഹിക്കേണ്ട കാര്യമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഇരു പാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നത്. സി.പി.ഐ.എമ്മില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റാനാനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്നും പാര്‍ട്ടിക്ക് ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറഞ്ഞ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ആര്‍.എസ്.എസ് വാരികയിലെ ലേഖനത്തെത്തുടര്‍ന്ന് സംഘടനയില്‍ നിന്നും ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നേതൃത്വം മോഹന്‍ദാസിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. മോഹന്‍ ദാസിന്റെ രാജിയില്‍ പ്രതിഷേധിച്ച് അയോധ്യ പ്രിന്റേഴ്‌സ് മാനേജര്‍ ആര്‍.വി. ബാബുവും ആര്‍.എസ്.എസ് ദേശീയ പ്രചാരകും കേസരി പത്രാധിപരുമായ ജെ. നന്ദകുമാറും രാജിവെച്ചിരുന്നു. ഇതിനു തൊട്ടുപിറകേയാണ് അദ്വാനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍.

Advertisement