ന്യൂദല്‍ഹി: സാമ്പത്തിക പരിഷ്‌കാരങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പത്രങ്ങളിലും ടിവിയിലും പരസ്യങ്ങളിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ഇതിനായി 100 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇന്ധനവിലവര്‍ധനയും ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപവും പ്രതിപക്ഷ കക്ഷികള്‍ ആയുധമാക്കിയ സാഹചര്യത്തിലാണ് യു.പി.എയുടെ ഈ നീക്കം.

Ads By Google

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ളതാകും പരസ്യങ്ങള്‍. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന് പറയാനുള്ളത് പരസ്യ ചിത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാണെന്ന തരത്തില്‍ പ്രതിപക്ഷം പ്രചരണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നിലുണ്ടായ ഭീഷണിയാണ് പരസ്യ ചിത്രമെന്ന ആശയത്തിലേക്ക് യു.പി.എ യെ കൊണ്ടുപോയത്.

തികച്ചും എളുപ്പമാര്‍ന്ന രീതിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാമെന്നതുമാണ് പരസ്യചിത്രമെന്ന ആശയത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

ഗ്രാമീണരെയും നഗരത്തില്‍ ജീവിക്കുന്നവരെയും ലക്ഷ്യമിടുന്ന രണ്ട് തരത്തിലുള്ള പരസ്യങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.