മന്‍മോഹന്‍ സിങ് ആരുടേയും നേതാവല്ല, യു.പി.എ സര്‍ക്കാര്‍ തികഞ്ഞ പരാജയം: ബി.ജെ.പി
India
മന്‍മോഹന്‍ സിങ് ആരുടേയും നേതാവല്ല, യു.പി.എ സര്‍ക്കാര്‍ തികഞ്ഞ പരാജയം: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2013, 6:47 pm

[]ന്യൂദല്‍ഹി: നേതൃത്വമില്ലായ്മയാണ് യു.പി.എ സര്‍ക്കാറിന്റെ ഏറ്റവും വലിയ പരാജയമെന്ന് ബി.ജെ.പി. യു.പി.എ സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബി,ജെ.പി രംഗതെത്തിയത്.[]

എന്തിന്റെ പേരിലാണ് യു.പി.എ സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷി ക്കുന്നതെന്ന് ചോദിച്ച  ബി.ജെ.പി, സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുക യാണെന്ന് കുറ്റപ്പെടുത്തി.
മന്‍മോഹന്‍സിങ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, എന്നാല്‍ അദ്ദേഹം പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ നേതാവല്ലെന്നും, കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ശക്തനായ നേതാവ് തന്നെ വേണമെന്നും ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

വിഘടിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ അനിശ്ചിതത്വത്തിലേക്കാണ് നയിക്കുന്നത്, അഴിമതിയുടെ കാര്യത്തില്‍  മന്‍മോഹന്‍ സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ശ്രീലങ്കയിലെ തമിഴരുടെ കാര്യത്തിലും, ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തിലും യു.പി.എ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും സുഷമാ സ്വരാജ് ആരോപിച്ചു.

യു.പി.എ സര്‍ക്കാരിന്റെ ജനപ്രീതി നഷ്ടപ്പെട്ട്  കഴിഞ്ഞുവെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നതെന്ന്  ബി.ജെ.പി നേതാവായ  അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
മന്‍മോഹന്‍സിങ് പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സ് കളഞ്ഞു, സര്‍ക്കാര്‍ സി.ബി.ഐയെ പോലും ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.