ട്രിപ്പോളി: ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു.

അതിനിടെ ട്രിപ്പോളിയില്‍ ഗദ്ദാഫിയും കുടുംബവും ഒളിച്ചുകഴിയുന്നുവെന്ന് സംശയിക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് പ്രക്ഷോഭകര്‍ വളഞ്ഞിരുന്നു. അപ്പാര്‍ട്ടമെന്റില്‍നിന്ന് പ്രക്ഷോഭകര്‍ക്കുനേരെ രൂക്ഷമായ വെടിവെയ്പാണുണ്ടായത്. എന്നാല്‍ ഇവിടെ ഗദ്ദാഫി തങ്ങുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗദ്ദാഫി ട്രിപ്പോളി വിട്ടുപോയിട്ടില്ലെന്ന വിശ്വാസത്തില്‍ വിമതര്‍ തലസ്ഥാനത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബുധനാഴ്ച ടെലിവിഷനിലൂടെ നല്‍കിയ ഓഡിയോ സന്ദേശത്തില്‍ വിമതരെ ആട്ടിയോടിക്കണമെന്ന സന്ദേശമാണ് ഗദ്ദാഫി നല്‍കിയിരുന്നത്. ട്രിപ്പോളി പിടിച്ചെടുത്ത ശേഷം ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്ത്, മരുഭൂമിക്കു നടുവിലെ എണ്ണസമ്പന്ന നഗരമായ സബ്ഹ എന്നീ നഗരങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമമാണ് വിമതര്‍ നടത്തുന്നത്. സിര്‍ത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പ്രക്ഷോഭകരെ ബിന്‍ ജവാദ് പട്ടണത്തില്‍വെച്ച് ഗദ്ദാഫി അനുകൂലികള്‍ നേരിട്ടിരുന്നു.