Categories

സി.എം.പിയിലെ പ്രശ്‌ന പരിഹാരത്തിന് യു.ഡി.എഫ്: പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

cmp

തിരുവനന്തപുരം: സി.എം.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വം രംഗത്ത്.

അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ യു.ഡി.എഫ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി വിലേക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇരു വിഭാഗം നേതാക്കളോടും യു.ഡി.എഫ് നേതൃത്വം അനുരഞ്ജന ചര്‍ച്ച നടത്തും. പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നുമാണ് യു.ഡി.എഫ് നിലപാട്.

ഇന്ന് എറണാകുളത്ത് നടക്കുന്ന യു.ഡി.എഫ് സമ്മേളനത്തില്‍ രണ്ട് നേതാക്കളും പങ്കെടുക്കരുതെന്ന് യു.ഡി.എഫ് നേതൃത്വം നിര്‍ദേശിച്ചു.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സി.എം.പി കക്ഷികളെ അറിയിച്ചത്.

യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാട് ഇരു വിഭാഗത്തിനും സ്വീകാര്യമാണെന്നാണ് സൂചന. അടുത്ത ബുധനാഴ്ചയാണ് ചര്‍ച്ച.

സി.എം.പിയില്‍ പിളര്‍പ്പ് പൂര്‍ണമാക്കിക്കൊണ്ട് ഇന്നലെ ഇരു വിഭാഗവും പരസ്പരം പുറത്താക്കിയിരുന്നു. കെ.ആര്‍ അരവിന്ദാക്ഷനെ സി.പി ജോണ്‍ പുറത്താക്കിയപ്പോള്‍ സി.എ അജീര്‍ ഉള്‍പ്പെടെയുള്ളവരെ കെ.ആര്‍ അരവിന്ദാക്ഷനും പുറത്താക്കി.

ഇതോടെ ജില്ലാ കമ്മിറ്റികളും താഴേത്തട്ടിലുള്ള പാര്‍ട്ടിഘടകങ്ങളും പിടിക്കാന്‍ ഇരുപക്ഷവും ശ്രമം തുടങ്ങിയിട്ടുണ്ട്.

കെ.ആര്‍. അരവിന്ദാക്ഷന്‍, എം.കെ. കണ്ണന്‍, ജി. സുഗുണന്‍, എം.എച്ച്. ഷാരിയാര്‍, ടി.സി.എച്ച്. വിജയന്‍ എന്നിവരെയാണ് സി.പി. ജോണ്‍ വിഭാഗം പുറത്താക്കിയത്.

യോഗങ്ങള്‍ക്കുശേഷം യു. ഡി.എഫില്‍ തന്നെ തുടരുമെന്നാണ് ഇരുപക്ഷവും വ്യക്തമാക്കിയതും. എം.വി. രാഘവനുമായി ബന്ധപ്പെട്ട സ്വത്തുക്കളുടെ തര്‍ക്കമാണ് പെട്ടെന്ന് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്.

അതേസമയം സി.എം.പി പാര്‍ട്ടിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സി.പി ജോണിനെ ആസൂത്രണ ബോര്‍ഡില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സി.എം.പി പ്രതിനിധിയായിട്ടല്ല സി.പി ജോണിനെ ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tagged with: |